കോട്ടയം: ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിക്കാത്ത വിധം കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റുമാനൂർ ബോയ്‌സ് സ്‌കൂളിൽ ഏറ്റുമാനൂർ മണ്ഡലത്തിലെ നവകേരള സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലാനുസൃതമായ പുരോഗതി ഓരോ മേഖലയിലും ഉണ്ടാകേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് സർക്കാർ വിവിധ വികസനക്ഷേമ മുന്നേറ്റങ്ങളുമായി ജനസമക്ഷം എത്തുന്നത്. ഓരോ മണ്ഡലത്തിലും ലഭിക്കുന്ന ജനപിന്തുണ സാക്ഷ്യപ്പെടുത്തുന്നതു ഇതു സമൂഹം മനസിലാക്കി എന്നതാണ്.
നികുതി വിഹിതം, റവന്യൂ കമ്മി നികത്തുന്നതിനുള്ള ഗ്രാന്റ് ,വിവിധ പദ്ധതികൾക്കുള്ള ഗ്രാന്റ് എന്നിവയെല്ലാം കേന്ദ്രത്തിന്റെ ഔദാര്യമല്ല മറിച്ച് നമുക്ക് അർഹതപ്പെട്ടതാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ച് നാടിന്റെ വികസന പരിപാടികൾ ആസൂത്രണം ചെയ്യുന്ന ഏതു പരിപാടിയെയും ബഹിഷ്‌കരിക്കുക എന്ന നയമാണ് പ്രതിപക്ഷത്തു നിന്നും നേരിടുന്നത്. കേന്ദ്രസർക്കാരിന്റെ കടുത്ത അവഗണനയ്ക്കിടയിലും വികസന കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ കേരളം ഒരു മേഖലയിലും ഇന്ന് കാണുന്ന നേട്ടങ്ങളിലേക്ക് എത്തില്ലായിരുന്നു.
സംസ്ഥാനം വികസന മുരടിപ്പ് നേരിടുന്ന സമയത്താണ് 2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്നത്. ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി വാട്ടർ മെട്രോ, മലയോര ഹൈവേ, ജലപാത, പൊതുവിദ്യാഭ്യസം പൊതുജനാരോഗ്യം തുടങ്ങി നിരവധി മേഖലയിൽ നമുക്ക് മുന്നേറാനായി . ഈ വികസന മുന്നേറ്റങ്ങളെല്ലാം സമ്മതിച്ചു തരാത്ത നയമാണ് കേന്ദ്രസർക്കാരും പ്രതിപക്ഷവും സ്വീകരിക്കുന്നത്. നവകേരള സദസ് ധൂർത്താണ് എന്നുള്ള വിമർശനങ്ങൾക്കിടയിൽ നിങ്ങൾ ധൈര്യമായി മുന്നേറിക്കോളു എന്ന ജനപിന്തുണയോടെ നവകേരള സദസ് മുന്നേറിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും എം.എൽ.എയുമായ വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആർ. ബിന്ദു, പി. പ്രസാദ്, പി. രാജീവ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു,എം പി മാരായ ജോസ് കെ മാണി,തോമസ് ചാഴികാടൻ ചീഫ് സെക്രട്ടറി ഡോ. വി .വേണു, ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി, സംഘാടകസമിതി കൺവീനറും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുമായ ബിനു ജോൺ എന്നിവർ സന്നിഹിതരായിരുന്നു