കൊല്ലം: രാജ്യത്തിന്റെ ഫെഡറല്‍ നയത്തെ തകര്‍ക്കുന്ന സമീപനം സംസ്ഥാനത്തിന്റെ വികസനത്തിന് തടസമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ജള്ളൂര്‍ എന്‍ എസ് എസ് ഗ്രൗണ്ടില്‍ കൊല്ലം ജില്ലയിലെ ആദ്യ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേചനം കാട്ടുന്നതിനെതിരെ പ്രതികരിച്ചിട്ടും ഫലമില്ലാത്ത സാഹചര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നാണ് ചെറുക്കേണ്ടത്.
കേരളത്തിന്റെ പുരോഗതി ലോകം ശ്രദ്ധിക്കുകയാണ്. ആരോഗ്യ -വിദ്യാഭ്യാസ മേഖലകളില്‍ മികച്ച മാതൃകയാണ് ഇവിടെയുള്ളത്. ഏകദേശം 10 ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ എത്തിയനിലയിലേക്കുള്ള മാറ്റം ശ്രദ്ധേയമാണ്. സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങളില്‍ മികച്ച മാറ്റമുണ്ടാക്കിയാണ് ഇതുസാധ്യമാക്കിയത്.
ആര്‍ദ്രം മിഷനിലൂടെ പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ മുഖച്ഛായ മാറ്റാനായി. ആധുനിക സംവിധാനങ്ങള്‍ വന്നു. വിദഗ്ധരായ ഡോക്ടര്‍മാരും. തകര്‍ച്ചയിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിച്ചു. കാര്‍ഷികമേഖലയിലും മാറ്റങ്ങള്‍ കൊണ്ടുവന്നു. ദേശീയപാത വികസനത്തിന് സംസ്ഥാനം തന്നെ സ്ഥലം ഏറ്റെടുത്തു. അതിവേഗത്തിലാണ് പണികള്‍ പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുക്കേണ്ട ചെലവിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.
ഗെയില്‍, ഇടമണ്‍-കൊച്ചി പവര്‍ഹൈവേ തുടങ്ങി ഒട്ടേറെ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കി. തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയും പുരോഗമിക്കുന്നു. 600 കിലോമീറ്റര്‍ കോവളം-ബേക്കല്‍ ജലപാത ലോക ടൂറിസംഭൂപടത്തില്‍ ഇടം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍വതലസ്പര്‍ശിയായ വികസനത്തിനാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ആദ്യമായി തുടങ്ങാനായി. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനു പുറമെ മൂന്ന് പുതിയ സയന്‍സ് പാര്‍ക്കുകളും രണ്ട് ഐ ടി പാര്‍ക്കുകളും ഒരുങ്ങുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.