spot_imgspot_img

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്, പൊങ്കാല മഹോത്സവം ഫെബ്രുവരി 17 മുതൽ 26 വരെ

Date:

spot_img

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള തയാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളിൽ അവലോകന യോഗം ചേർന്നു. ഫെബ്രുവരി 17 മുതൽ 26 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. ഫെബ്രുവരി 25നാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.

പൂർണമായും ഗ്രീൻപ്രോട്ടോകോൾ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക. ഉത്സവ മേഖലകളിലെ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്ക്കും പൊതുമരാമത്ത് റോഡുകൾ വിഭാഗത്തിനും കെ.എസ്.ഇ.ബിയ്ക്കും മന്ത്രി നിർദേശം നൽകി. തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മൊബൈൽ ടോയ്‌ലെറ്റുകൾ, വാട്ടർടാങ്കുകൾ എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രെയിനേജുകളും ഓടകളും വൃത്തിയാക്കുന്നതിനും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും എക്‌സൈസിന്റെയും പരിശോധനകൾ കർശനമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അടിയന്തരസാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണവിഭാഗം എല്ലാ വിധത്തിലും സജ്ജമായിരിക്കണമെന്നും മന്ത്രി അറിയിച്ചു.

മുൻവർഷങ്ങളിലെന്നപോലെ വിപുലമായ ഒരുക്കങ്ങളാണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്. ക്രമസമാധാനം, ഗതാഗതനിയന്ത്രണം, ഭക്തജനങ്ങളുടെ ദർശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ ഫെബ്രുവരി 17 മുതൽ 23 വരെ, 600 പോലീസുകാരെയും രണ്ടാംഘട്ടമായി ഫെബ്രുവരി 24 മുതൽ 26 വരെ മൂവായിരം പോലീസുകാരെയും വിന്യസിക്കും. കുത്തിയോട്ട വ്രതം ആരംഭിക്കുന്ന ഫെബ്രുവരി 17 മുതൽ, 24 മണിക്കൂറും ശിശുരോഗവിദഗ്ധരുടെ സേവനം ക്ഷേത്രത്തിൽ ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളിലുള്ള മെഡിക്കൽ ടീമിന് പുറമേ പൊങ്കാല ദിവസം പത്തംഗ മെഡിക്കൽ ടീമും 108 ആബുലൻസുകളുടെ സേവനവും ആരോഗ്യവകുപ്പ് ക്ഷേത്രപരിസരത്ത് സജ്ജമാക്കും.

ഉത്സവമേഖലകളിലെ കെ.എസ്.ഇ.ബി ലൈനുകളിൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കും. വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയോഗിക്കും. തട്ടുകടകൾക്ക് ലൈസൻസും അന്നദാനം നൽകുന്നതിന് മുൻകൂർ രജിസ്‌ട്രേഷനും നിർബന്ധമായിരിക്കും. കടകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകൾ അടുത്തയാഴ്ച മുതൽ ആരംഭിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് മൊബൈൽ ലാബ് സജ്ജമാക്കും. ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നതിനുമായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ സർവൈലൻസ് ടീം പ്രവർത്തിക്കും.

ഉത്സവദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. ലീഗൽമെട്രോളജി സ്‌പെഷൽ സ്‌ക്വാഡുകൾ രൂപീകരിച്ച് കടകളിൽ പരിശോധനകൾ നടത്തും. ഉത്സവ മേഖലകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും ഓടകളിലെ പൊട്ടിയ സ്ലാബുകൾ മാറ്റുന്നതിനുള്ള പ്രവർത്തികളും പുരോഗമിക്കുകയാണ്. അട്ടക്കുളങ്ങര-തിരുവല്ലം റോഡിന്റെ ടാറിങ് ഉടൻ പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് റോഡുകൾ വിഭാഗം അറിയിച്ചു. നാല് സോണുകളായി തിരിഞ്ഞാണ് അഗ്നിരക്ഷാ സേന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.

അഞ്ച് ആംബുലൻസുകളുൾപ്പെടെ അഗ്നിരക്ഷാസേനയുടെ പ്രത്യേക ടീം സേവനം ഉറപ്പാക്കും. നൂറ്റമ്പതോളം ജീവനക്കാരും നൂറോളം സന്നദ്ധ പ്രവർത്തകരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ക്ഷേത്രപരിസരത്ത് എക്‌സൈസിന്റെ കൺട്രോൾ റൂം സജ്ജമായിരിക്കും. ഉത്സവത്തിന് ഒരാഴ്ച മുൻപ് തന്നെ പോലീസുമായി ചേർന്ന് ഉത്സവപ്രദേശങ്ങളിൽ പരിശോധനകൾ നടത്താനും യോഗത്തിൽ തീരുമാനമായി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വകുപ്പുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി തിരുവനന്തപുരം നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ തുടർ യോഗങ്ങൾ ചേരും.

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഗായത്രി ബാബു, ആറ്റുകാൽ വാർഡ് കൗൺസിലർ ആർ.ഉണ്ണികൃഷ്ണൻ, ഉത്സവമേഖലകളായ വാർഡുകളിലെ കൗൺസിലർമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്.ജെ, ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ നോഡൽ ഓഫീസർ ചുമതലയുള്ള സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ എസ്, സെക്രട്ടറി കെ.ശരത് കുമാർ, പ്രസിഡന്റ് ശോഭ.വി എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp