തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണത്തിനെതിരെ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എക്സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ എന്ന നിലയിലാണ് വീണ വിജയനെതിരേ അന്വേഷണം തുടരുന്നത്. മാത്രമല്ല ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലായിരുന്നു പരാമർശം. ഇ ഡി അന്വേഷണം കൂടാതെ അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തെപ്പറ്റിയും സാഹിത്യകാരന്മാരുടെ ക്രിയാത്മക വിമർശനത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് രാമക്ഷേത്ര നിർമാണത്തിൽ കോൺഗ്രസ് നിലപാടെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിലെ കോൺഗ്രസിന് ഉറച്ച നിലപാടില്ലെന്നും വ്യക്തമാക്കി. രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായാണ് പണി പൂർത്തിയാകാത്ത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്താൻബിജെപി തീരുമാനിക്കുന്നതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
മാത്രമല്ല മുഖ്യമന്ത്രി സൂര്യനെപ്പോലെയാണെന്ന പരാമർശത്തിൽ വ്യക്തിപൂജയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സാഹിത്യകാരന്മാർ ഉൾപ്പെടെ ഉന്നയിക്കുന്ന വിമർശനത്തെ കാതു കൂർപിച്ച് കേൾക്കും. അതോടൊപ്പം മാറ്റങ്ങൾ ഉണ്ടാക്കാനും സദാ ജാഗ്രതയോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു.