കൊല്ലം: അധികാരത്തിലേറിയ ശേഷം നിരവധി മാറ്റങ്ങളാണ് ഗതാഗത വകുപ്പിൽ മന്ത്രി കെ ബി ഗണേഷ് കുമാർ വരുത്തിയത്. ഇപ്പോഴിതാ പുതിയൊരു മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ് മന്ത്രി. ഫ്രീക്കന്മാരുടെ അഭ്യാസം റോഡിൽ വേണ്ടെന്നാണ് മന്ത്രി കെ ബി ഗണേഷ് കുമാർ പറയുന്നത്. എന്നാൽ അവരെ അവഗണിക്കില്ലെന്നും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലം കണ്ടെത്തിയാൽ നിയമപരമായ രീതിയിൽ അനുമതി നൽകാമെന്നും കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. സ്ഥലം കണ്ടുപിടിച്ച് അറിയിച്ചാൽ തക്കതായ ഇൻഷുറൻസും കാര്യങ്ങളും ഉണ്ടെങ്കിൽ അനുമതി നൽകും. പക്ഷെ റോഡിൽ അഭ്യാസം പാടില്ലെന്നും മന്ത്രി പറയുന്നു. ഓരോ ജീവനും പ്രാധാന്യം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.