തിരുവനന്തപുരം: അയോധ്യയിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ശശി തരൂരിൻ്റെ നിലപാട് മതനിരപേക്ഷ കേരളത്തിന് അപമാനമാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സംഘപരിവാറിൻ്റെ തീവ്രഹിന്ദുത്വ നിലപാടിനൊപ്പം സഞ്ചരിക്കുന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരായ ബദൽ ഭരണം കേന്ദ്രത്തിലുണ്ടാകുമെന്ന കേരളത്തിൻ്റെ പ്രതീക്ഷയുടെ ഭാഗമായുണ്ടായ വിധിയെഴുത്തിലൂടെയാണ് തരൂർ അടക്കം 18 യു ഡി എഫ് എം പിമാർ വിജയിച്ചത്. കേരളത്തിൻ്റെ ആ പ്രതീക്ഷ തെറ്റായിരുന്നുവെന്ന് യുഡിഎഫ് നേരത്തെ തന്നെ തെളിയിച്ചതാണ്. ഇപ്പോൾ ശശി തരൂരിലൂടെ അവർ കേരളത്തെ പരിഹസിക്കുകയും ചെയ്യുന്നുവെന്ന് ജി ആർ അനിൽ വ്യക്തമാക്കി.
മതനിരപേക്ഷ ഇന്ത്യയുടെ ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ബാബരി മസ്ജിദിൻ്റെ തകർച്ച.നെഹ്റുവിൻ്റെയും ഗാന്ധിജിയുടേയും സ്വപ്നങ്ങൾ കൂടിയാണ് തകർക്കപ്പെട്ടത്. ആ സ്വപ്നങ്ങൾക്കൊപ്പം നിൽക്കേണ്ട തരൂർ ബി.ജെ.പി ക്കൊപ്പം നിലകൊള്ളുന്നത് കോൺഗ്രസ് പാരമ്പര്യത്തോടു തന്നെ കാണിക്കുന്ന വഞ്ചനയാണ്. തിരുവനന്തപുരത്തിൻ്റെ മതേതര മനസിനെ ഒറ്റിക്കൊടുത്ത തരൂർ മറുപടി പറയേണ്ടി വരുമെന്നും ജി ആർ അനിൽ കൂട്ടിച്ചേർത്തു.