തിരുവനന്തപുരം: പദ്‌മശ്രീയ്ക്ക് പിന്നാലെ മറ്റൊരു ബഹുമതി കൂടെ കവടിയാർ രാജകുടുംബത്തിലേക്ക്. പൂയം തിരുനാൾ ഗൗരി പാർവതി ബായിക്ക് ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഷെവലിയർ ബഹുമതി ലഭിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മിഭായിക്ക് പദ്‌മശ്രീ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊട്ടാരത്തിൽ അടുത്ത സന്തോഷ വാർത്ത എത്തിയത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഗൗരി പാർവതീ ബായിയെ ഷെവലിയർ ( നൈറ്റ് ഇൻ ദ നാഷണൽ ഓർഡർ ഓഫ് ദ ലീജിയൺ ഓഫ് ഓണർ) ആയി നിയമിച്ചിരിക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് അറിയിപ്പായി ലഭിച്ചത്. ഫ്രഞ്ച് അധ്യാപിക, തിരുവനന്തപുരത്ത അലൈൻസ് ഫ്രാഞ്ചൈസുമായുള്ള ബന്ധം, സ്ത്രീസമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവർത്തനം എന്നിവ പരിഗണിച്ചാണ് പുരസ്കാരം. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഡോ. തിയറീ മാത്തൗയാണ് ഇക്കാര്യം കത്തിലൂടെ അറിയിച്ചത്.