തിരുവനന്തപുരം: വാട്ടർ അതോറിറ്റി ചീഫ് എൻജിനിയർ ഓഫീസ് ഉപരോധിച്ചു. ഉദാര ശിരോമണി റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്. വഴുതക്കാട് ഉദാര ശിരോമണി റോഡിൽ കഴിഞ്ഞ പത്ത് മാസത്തിൽ അധികമായി കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയാണ്. ഇതേ തുടർന്ന് ഇവരുടെ നേതൃത്വത്തിൽ നിരവധി തവണ അധികാരികൾക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ യാതൊരു പരിഹാരവും അധികൃതർ കൈകൊണ്ടില്ല.
പകൽ സമയം ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത ദയനീയ സ്ഥിതിയാണ്. അർധ രാത്രിയിലോ അതി രാവിലെയോ ഏതെങ്കിലും കുറച്ചു സമയം മാത്രം ആണ് വെള്ളം വരുന്നത്. ചില പ്രദേശങ്ങളിൽ തുടർച്ചയായി മൂന്നു നാല് ദിവസം വെള്ളം കിട്ടാത്ത സ്ഥിതി.
തുടർന്ന് ജനുവരി 17 ന് മന്ത്രി, എംഎൽ എ, കൗൺസിലർ, വാട്ടർ അതോറിറ്റി ചീഫ് എൻജിനിയർ എന്നിവർക്ക് അസോസിയേഷൻ രേഖാമൂലം നിവേദനം നൽകിയിരുന്നു. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണും എന്ന് അധികൃതർ ഉറപ്പും നൽകി. പക്ഷേ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല എന്ന് മാത്രമല്ല കിട്ടി കൊണ്ടിരുന്ന വെള്ളവും കിട്ടാതായി.
ഈ സാഹചര്യത്തിലാണ് റെസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ താമസക്കാർ ചീഫ് എഞ്ചിനീയർ ഓഫീസ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തെ തുടർന്ന് സ്മാർട് റോഡ് പണി തീരുന്ന മുറയ്ക്ക് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുമെന്നും അതോടെ വെള്ളത്തിൻ്റെ കാര്യത്തിൽ ശാശ്വത പരിഹാരം ആകും എന്നും അതു വരെ താൽക്കാലികമായി പുതുതായി ഒരു ലൈൻ സ്ഥാപിച്ചു വെള്ളത്തിൻ്റെ ലഭ്യത ഉറപ്പാക്കും എന്നും അത് ഒരാഴ്ചക്കുള്ളിൽ പണി തീർക്കും എന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ചീഫ് എഞ്ചിനീയർ ക്ക് പുറമെ സൂപ്രണ്ടിംഗ് എഞ്ചിനീയർ എക്സിക്യൂട്ടിവ് എൻജിനിയർ അസിസ്റ്റൻ്റ് എൻജിനീയർ മറ്റു ജീവനക്കാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പ്രതിഷേധ സമരത്തിന് വാർഡ് കൗൺസിലർ അഡ്വ രാഖി രവികുമാർ, അസോസിയേഷൻ പ്രസിഡൻ്റ് കെ ജയദേവൻ, സെക്രട്ടറി ദത്ത സുനിൽ, രക്ഷാധികാരി ആനന്ദ മയി, ജോയിൻ്റ് സെക്രട്ടറി മനു ശിവശങ്കർ, സരസ്വതി നാഗരാജൻ, രാജശ്രീ, മഞ്ചു, ശോഭ തുടങ്ങി നിരവധി പേർ നേതൃത്വം നൽകി. വാട്ടർ അതോറിറ്റി അധികൃതർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ ഉപരോധസമരം അവസാനിപ്പിച്ചു.