സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും കാരണം അവശ്യസാധനങ്ങളില്ലാതെ സപ്ലൈക്കോ ഔട്ട്ലെറ്റുകൾ കാലിയായി കിടക്കുന്നതിനെതിരെ ആം ആദ്മി പാർട്ടി കഴക്കൂട്ടം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സപ്ലൈകോയുടെ മുൻപിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ആം ആദ്മി പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് ശ്രീകാര്യം സപ്ലൈകോയുടെ മുൻപിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് സജു മോഹൻ പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടി പ്രവർത്തകർ കൊണ്ടുവന്ന കിറ്റ് സപ്ലൈകോ ജീവനക്കാർ വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് പ്രതീകാത്മകമായി കിറ്റ് മേശപ്പുറത്ത് വച്ചു. തുടർന്ന് സാധനം വാങ്ങാനെത്തി മുഴുവൻ സാധനങ്ങളും ലഭിക്കാതെ മടങ്ങിയ ഷീല എന്ന വീട്ടമ്മയ്ക്ക് കഴക്കൂട്ടം മണ്ഡലം സെക്രട്ടറി സബീർ അബ്ദുൽ റഷീദ്, കിറ്റ് നൽകി സമരം അവസാനിപ്പിച്ചു.
സാധനങ്ങൾ വാങ്ങാനായി രണ്ട് പ്രാവശ്യം സപ്ലൈകോയിൽ വന്നിട്ടും പയർ മാത്രമേ ലഭിച്ചുള്ളുവെന്നും പെൻഷൻ ലഭിച്ചിട്ട് 5 മാസത്തോളമായെന്നും വീട്ടമ്മ പറഞ്ഞു. കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് അഖിൽ പ്രതാപൻ അദ്ധ്യക്ഷനായി. വനിതാ വിംഗ് വൈസ് പ്രസിഡൻറ് സന്ധ്യാ രാജ്, ജില്ലാ ട്രഷറർ യുഹാസ് ഇസ്മയിൽ, മണ്ഡലം ജോയിന്റ് സെക്രട്ടറി ശങ്കർ, രാജു ജനാർദ്ദനൻ, ഷേർലി വർഗീസ്, ആനി നോയൽ എന്നിവർ സംസാരിച്ചു.