തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററില്‍ സെറിബ്രല്‍ പാഴ്‌സി സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ദ ഗോള്‍ഡന്‍ ഗോള്‍ കായിക പരിശീലന പദ്ധതിക്ക് നാളെ (ചൊവ്വ) വൈകുന്നേരം 4ന് തുടക്കമാകും. പദ്ധതി സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറിയും ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാനുമായ ജിജി തോംസണ്‍ ഐ.എ.എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണും ഡിഫറന്റ് ആര്‍ട് സെന്റര്‍ ഡയറക്ടറുമായ അഡ്വ.ജയാഡാളി മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങില്‍ ഖേലോ ഇന്ത്യാ പാരാഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കേരള ടീം അംഗങ്ങളെ ആദരിക്കും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, സി.ഇ.ഒ രേവതി രുഗ്മിണി, മാനേജര്‍ സുനില്‍രാജ് എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം 3ന് സെറിബ്രല്‍പാഴ്‌സി കുട്ടികളുടെ ഫുട്‌ബോള്‍ പ്രദര്‍ശനവും നടക്കും.
ഫുട്‌ബോള്‍ അടക്കമുള്ള ഗെയിംസ് പരിശീലനം സാധ്യമാക്കുന്നതിനാണ് ദ ഗോള്‍ഡല്‍ ഗോള്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി വിദ്ഗദ്ധരുടെ സേവനം ഉറപ്പാക്കും. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളിലും പാരാലിംപിക്‌സിലേയ്ക്കും കുട്ടികളെ പങ്കെടുപ്പിക്കുവാണ് കായിക പരിശീലനം ലക്ഷ്യമിടുന്നത്.