ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഇ ഡിയുടെ കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാൾ വീണ്ടും ഉത്തരവിറക്കിയതായി റിപ്പോർട്ട്. രണ്ടാം തവണയാണ് ഇത്തരത്തിൽ ജയിലിൽ ഇരുന്ന് അദ്ദേഹം ഉത്തരവിറക്കുന്നത്. ആരോഗ്യവകുപ്പിനാണ് ഇത്തവണ കെജ്രിവാൾ നിർദേശം നൽകിയിരിക്കുന്നത്. മൊഹല്ല ക്ലിനിക്കുകളിൽ എത്തുന്ന ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മുഖ്യമന്ത്രിയ്ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ കെജ്രിവാൾ നിർദേശം നൽകിയെന്ന് മന്ത്രി സൗരവ് ഭരദ്വാജാണ് അറിയിച്ചത്. മാത്രമല്ല കെജ്രിവാൾ ഡൽഹിയിലെ ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്‍രിവാൾ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പിലെ നടപടികൾക്കായി പുറത്തിറക്കിയ ഉത്തരവ് വിവാദമായിരുന്നു. ജയിലിൽ കമ്പ്യൂട്ടറോ പ്രിൻററോ ഇല്ലാതെ എങ്ങനെ ഉത്തരവ് പുറപ്പെടുവിച്ചു എന്നതും അറിവില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറത്തുവന്നത്.