തിരുവനന്തപുരം: ഇ ഡി യെ പേടിയില്ലാത്ത രാജ്യത്തെ ഏക മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡൻറ് എം എം ഹസ്സൻ അഭിപ്രായപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി ഡോ ശശി തരൂരിൻ്റെ കഴക്കൂട്ടം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം – ബിജെപി അന്തർധാര സുവ്യക്തമാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസം ഇന്ത്യ മുന്നണി റാലിയിൽ പിണറായി വിജയൻ പങ്കെടുക്കാതിരുന്നത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. റിയാസ് മൗലവി വധക്കേസിൽ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടെന്നാണ് വിചാരണ കോടതി വ്യക്തമാക്കിയത്.
സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കേസ് പരാജയപ്പെടുത്തുകയായിരുന്നു. ഒരു മുസ്ലീംപണ്ഡിതനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ യുഎപിഎ ചുമത്താതിരുന്നത് വ്യക്തമായ അന്തര്‍ധാരയുടെ അടിസ്ഥാനത്തിലാണ്.
യുഎപിഎ ചുമത്താതിരുന്നതിന് അതു സര്‍ക്കാരിന്റെ നയമല്ലെന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. എന്നാല്‍ അതേ മുഖ്യമന്ത്രിയാണ് മാവോയിസ്റ്റ് സാഹിത്യം വായിച്ചെന്ന പേരില്‍ അലന്റെയും താഹയുടെയും ജീവിതം യുഎപിഎ ചുമത്തി ജയിലിടച്ച് തകര്‍ത്തതെന്ന് എം എം ഹസ്സൻ ആരോപിച്ചു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ആർ പുരുഷോത്തമൻ നായർ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എം എ വാഹിദ്, കെപിസിസി ഭാരവാഹികളായ ജോൺ വിനേഷ്യസ്, ആറ്റിപ്ര അനിൽ, മുടവൻമുകൾ രവി, ഡോ എസ് എസ് ലാൽ, മുസ്ലിംലീഗ് നേതാവ് മൺവിള സൈനുദ്ദീൻ, കരിക്കകം സുരേഷ്,ജെ എസ് അഖിൽ,ഡിസിസി ഭാരവാഹികളായ എം എസ് അനിൽ, കടകംപള്ളി ഹരിദാസ്, പി സുബൈർ കുഞ്ഞ്, ജോൺസൺ ജോസഫ്, ചെറുവക്കൽ പത്മകുമാർ, അഭിലാഷ് ആർ നായർ, കുമാരപുരം രാജേഷ്, നാദിറ സുരേഷ്, ആർ ശ്രീകല കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡൻറ് അണിയൂർ പ്രസന്നകുമാർ, തെങ്ങുവിള നാസറുദ്ദീൻ, സുശീല, ആനയറ രമേശൻ, തുടങ്ങിയവർ പ്രസംഗിച്ചു.