പാലക്കാട്: കേരളത്തിലേക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു. ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഉദയ് ഡബിള്‍ ഡെക്കര്‍ ട്രെയിനാണ് കേരളത്തിലേക്ക് എത്തുക. ട്രെയിനിന്റെ പരീക്ഷണയോട്ടം ഇന്ന് നടത്തി. കോയമ്പത്തൂര്‍ നിന്നും പൊള്ളാച്ചി വഴി പാലക്കാട് ജംഗ്ഷനിലേക്ക് ട്രെയിൻ നീട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് ട്രയൽ റൺ നടത്തിയത്.
നിലവിൽ ഉദയ് എക്സ്പ്രസ് കോയമ്പത്തൂർ മുതൽ ബാംഗ്ലൂർ വരെ 432 കിലോമീറ്റർ ദൂരമാണ് സർവീസ് നടത്തുന്നത്. ഇതാണ് ഇനി പാലക്കാട് വരെ നീട്ടാൻ തുടങ്ങുന്നത്. ഇന്ന് രാവിലെ എട്ടിന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട ട്രെയിൻ 10.45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും എത്തി. തിരികെ കോയമ്പത്തൂരിൽ എത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും.
ദക്ഷിണറെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണയോട്ടം നടത്തുന്നത്. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല.