കൊച്ചി: യുകെയില്‍ നിന്നുമെത്തിയ വിദ്യാര്‍ഥികളുടെ സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിച്ചു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം വിദ്യാര്‍ഥികള്‍ക്ക് ഏറെ കൗതുകമായി. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ് ഡിസി) സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ സമ്മര്‍ സ്‌കൂളിന്റെ ഭാഗമായാണ് ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയിലെ 11 അംഗ വിദ്യാര്‍ഥിസംഘം കൊച്ചിയില്‍ എത്തിയത്.
സിയാല്‍ എംഡി എസ്. സുഹാസ് ഐഎഎസുമായി വിദ്യാര്‍ഥികള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞു. സുസ്ഥിര വികസനം ലക്ഷ്യമിട്ട് എയര്‍പോര്‍ട്ട് കമ്പനി നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിദ്യാര്‍ഥികള്‍ പ്രശംസിച്ചു. വിമാനത്താവളത്തോട് അനുബന്ധിച്ച് സിയാല്‍ നടത്തുന്ന ജൈവ പച്ചക്കറി ഫാമും ഗോള്‍ഫ് കോഴ്‌സും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു.
അന്താരാഷ്ട്രതലത്തില്‍ വിജ്ഞാന കൈമാറ്റവും വൈവിധ്യങ്ങളായ സംസ്‌കാരങ്ങളെക്കുറിച്ച് മനസിലാക്കാനുമാണ് ഐഎസ് ഡിസി ഇന്റര്‍നാഷണല്‍ സമ്മര്‍ സ്‌കൂള്‍ സംഘടിപ്പിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നതാണ് സമ്മര്‍ സ്‌കൂളിന്റെ പ്രമേയം. ഒരു മാസം നീണ്ടുനില്‍ക്കുന്ന സമ്മര്‍ സ്‌കൂളിനിടെ സംഘം കൊച്ചിയിലെ ചരിത്രപ്രധാന സ്ഥലങ്ങളും പ്രമുഖ വ്യക്തികളെയും വരും ദിവസങ്ങളില്‍ സന്ദര്‍ശിക്കും.