തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണം വിശദമായി അന്വേഷിക്കാനൊരുങ്ങി പോലീസ്. ഇതിനായി പ്രത്യേക സംഘത്തെ ഉടന്‍ തീരുമാനിക്കും.
യുവസംവിധായിക ആത്മഹത്യ ചെയ്തതാണെന്ന് വിലയിരുത്തിയ കേസിൽ, നയന സ്വയം മുറിവേല്‍പ്പിച്ചതാണെന്ന നിഗമനത്തിന് തെളിവില്ലെന്ന പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തു വന്നു.
നയനസൂര്യയുടെ കഴുത്ത് ഞെരിച്ചതായും അടിവയറ്റിൽ ചവിട്ടേറ്റതായും കണ്ടെത്തിയിരുന്നു. ഈ മുറിവുകള്‍ എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്തണമെന്നും ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നയനയ്ക്ക് ശരീരത്തിൽ സ്വയം മുറിവേല്‍പ്പിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു എന്നും, ഈ മുറിവുകൾ അങ്ങനെ സംഭവിച്ചതാകാമെന്നുമാണ് പ്രാഥമിക അന്വേഷണം നടത്തിയ പൊലീസിന്റെ നിഗമനം. എന്നാൽ ഈ നിഗമനത്തിന് യാതൊരും തെളിവും ഇല്ലെന്ന് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.
കഴുത്ത് ഞെരിഞ്ഞതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
നയനസൂര്യയുടെ കഴുത്തില്‍ ആറു മുറിവുകളാണുള്ളത്. പല ദിവസങ്ങളിലായി കഴുത്തിന് മുറിവേല്‍പ്പിക്കുക, തുടര്‍ന്ന് അടിവയറ്റില്‍ ക്ഷതമേല്‍പ്പിക്കുക, ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമാകുക ഇതെല്ലാം സ്വയമേല്‍പ്പിച്ചതാണെന്ന നിഗമനം അംഗീകരിക്കാനാകില്ല.
കഴുത്ത് എങ്ങനെ ഞെരിഞ്ഞു എന്നു കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നയനസൂര്യ മരിച്ചു കിടന്ന മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നുവെന്ന ലോക്കല്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തെറ്റാണെന്നും അന്വേഷണ സംഘം കണ്ടെത്തി. ശക്തമായി തള്ളിയാല്‍ തുറക്കാവുന്ന നിലയില്‍ വാതില്‍ ചാരിയിട്ടിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2016-ൽ നടന്ന കേസിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ മെറിൻ മാത്യുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.