കഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നു വീണ് വൻ അപകടം. നേപ്പാളിലെ പോഖരയിലാണ് അപകടം ഉണ്ടായത്. ലാൻഡിങ്ങിനു മിനിറ്റുകൾ മാത്രം ഉള്ളപ്പോഴാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ 69 പേർ മരിച്ചു. നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്ന് 68 യാത്രക്കാരും 4 ജീവനക്കാരുമായി ടൂറിസ്റ്റ് കേന്ദ്രമായ പോഖരയ്ക്കു പോയ യതി എയർലൈൻസിന്റെ എടിആർ 72–500 വിമാനമാണു വിമാനത്താവളത്തിനു രണ്ടര കിലോമീറ്റർ അകലെ സെതി നദീതീരത്തു തകർന്നുവീണത്. 5 ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു.
15 വർഷം പഴക്കമുള്ള വിമാനത്തിനു യന്ത്രത്തകരാറുണ്ടായെന്നാണു പ്രാഥമിക വിവരമെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു യതി എയർലൈൻസ് വക്താവ് അറിയിച്ചു. അന്വേഷണത്തിനു നേപ്പാൾ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു.അപകട സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള പ്രയാസം രക്ഷാപ്രവർത്തനത്തെ ബാധിച്ചു. വിമാനത്താവളം താൽക്കാലികമായി അടച്ചു.