എറണാകുളം: എറണാകുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത് ഉദരസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്. കുട്ടികളുടെ സാമ്പിൾ വിശദ പരിശോധനയ്ക്ക് അയച്ചു. കുട്ടികളുടെ മാതാപിതാക്കള്‍ക്കും വൈറസ് ബാധയുള്ളതായി സംശയിക്കുന്നുണ്ട്. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ തുടരുകയാണ്.
നോറോ വൈറസുകള്‍ ഉദരസംബന്ധമായ അസുഖമുണ്ടാക്കുന്നവയാണ്. ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗം പകരുന്നത് മലിനമായ ജലം, ഭക്ഷണം തുടങ്ങിയവയിലൂടെയാണ്. മറ്റു രോഗങ്ങളുള്ളവര്‍, കുട്ടികള്‍, പ്രായമേറിയവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിഭാഗം പറയുന്നു.