ഡൽഹി: ഇന്ത്യയുടെ ആത്മവിശ്വാസം ആകാശത്തോളമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാഷ്ടപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റ് സമ്മേളനത്തിനു തുടക്കമായി. ഭീകരതയെ രാജ്യം ശക്തമായി നേരിട്ടുവെന്നും ഇന്ത്യ ലോകത്തിനു പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കാലമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. ദ്രൗപദി മുര്‍മുവിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്.
രാഷ്ട്ര നിർമാണത്തിൽ 100 ശതമാനം സമർപ്പണം വേണന്നും ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്തത ഇന്ത്യ സൃഷ്ടിക്കണമെന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തിൽ പറഞ്ഞു. സ്ത്രീകളും യുവാക്കളും മുന്നിൽ നിന്ന് നയിക്കണം. രാജ്യത്തിന്റെ ഐക്യം ഉറച്ചതാകണമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. നാളെയാണ് കേന്ദ്ര ബജറ്റ്. 2024-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടു തന്നെ രാജ്യം ഉറ്റുനോക്കുന്ന ബജറ്റ് കൂടിയായി മാറുന്നു. ഫെബ്രുവരി പതിമൂന്നിനാണ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം അവസാനിക്കുക.