ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തോടെയാണ് ബജറ്റിനു തുടക്കം കുടിക്കുന്നത്. നാളെയാണു ബജറ്റ്. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാകും നാളത്തേത്.
സമ്മേളനം ആരംഭിക്കുന്നത് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. തുടർന്ന് സാമ്പത്തിക സർവെ സഭയിൽ വയ്ക്കും. നാളെ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം പാസാക്കുന്നതിലും ധനബില്ലുകൾ പാസാക്കുന്നതിലുമാകും സർക്കാരിന്റെ മുൻഗണന. ബജറ്റുമായി ബന്ധപ്പെട്ട നാലെണ്ണമുൾപ്പെടെ 36 ബില്ലുകളാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 14 വരെ ആദ്യഘട്ടവും മാർച്ച് 12 മുതൽ ഏപ്രിൽ ആറുവരെ രണ്ടാംഘട്ടവുമായി നീളുന്ന സമ്മേളനത്തിൽ 26 സിറ്റിങ്ങുകളുണ്ടാകും.