കൊല്ലം: കൊല്ലത്തെ റിസോർട്ടിൽ താമസിച്ച് 38 ലക്ഷം രൂപ ചിലവഴിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ചിന്ത ജെറോം. റിസോർട്ടിൽ താമസിച്ചത് സുഖമില്ലാതിരുന്ന അമ്മയുമായി ചികിത്സയുടെ ഭാഗമായിട്ടാണ. 20,000 രൂപയാണ് റൂം വാടകയായി മാസം ആകെ ചിലവായത്. തന്‍റെ ശമ്പളവും അമ്മയുടെ പെൻഷൻ തുകയും കൂട്ടിയാണ് വാടക നൽകിയതെന്നും ചിന്ത ജെറോം പറഞ്ഞു.
ചിന്ത കൊല്ലത്തെ തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ ഒന്നേകാൽ മാസത്തോളം താമസിച്ചെന്നും അവിടെ ഒരു ദിവസം 8,500 രൂപയാണ് വാടകയെന്നും ഈ ഇനത്തിൽ 38 ലക്ഷം രൂപയോളം ചിന്ത ചിലവാക്കിയെന്നുമായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. ഇത്രയും പണം ചിന്തക്ക് എവിടുന്നു ലഭിച്ചുവെന്നും യുവജന കമ്മീഷൻ അധ്യക്ഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.
‘ അമ്മക്ക് കൊവിഡ് കാലത്ത് സ്ട്രോക്ക് വന്നിരുന്നു. നടക്കാൻ പ്രയാസമുണ്ടായിരുന്നു, അറ്റാചിട് ബാത്ത്റും വീട്ടില്ലാത്തതിനാൽ വീട് പുതുക്കി പണിയേണ്ടി വന്നു. ആയുർവേദ ചികിത്സയാണ് അമ്മക്ക് നൽകിയിരുന്നത്, അതിനായി ഡോക്‌ടറുടെ അപ്പാർട്ടുമെന്‍റിന് താഴെ മുറിയെടുക്കേണ്ടത്തായി വന്നു, ആ സാഹചര്യത്തിലാണ് ഫോർ സ്റ്റാർ ഹോട്ടലിൽ മുറിയെടുത്തത്. മാസം 20,000 രൂപയായിരുന്നു വാടക. ചില മാസങ്ങളിൽ അമ്മയുടെ പെൻഷനിൽ നിന്നും മറ്റു ചിലപ്പോൾ തന്‍റെ ശമ്പളത്തിൽ നിന്നുമാണ് തുക നൽകിയത്’. അമ്മയുടെ ആരോഗ്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും തന്‍റെ സ്വകാര്യ വിവരങ്ങൾ പങ്കു വയ്ക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും ചിന്ത മാധ്യമങ്ങളോട് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, വിജിലൻസിനും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിലും പരാതി നൽകിയിട്ടുണ്ട്. ഈ വിവാദം ഉയർന്നതിനു പിന്നാലെയാണ് ചിന്ത ജെറോം വിശദീകരണവുമായി എത്തിയിരിക്കുന്നത്.