
കഴക്കൂട്ടം : കഴക്കൂട്ടം വെറ്റിനറി ഡോക്ടറെ സസ്പെന്റ് ചെയ്തു. ക്ഷീരകർഷകരോട് മോശം പെരുമാറ്റം നടത്തിയ കഴക്കൂട്ടം വെറ്റിനറി സർജൻ ഡോ. സൈരയെയാണ് സസ്പെൻറ്റ് ചെയ്തത്. ഡോ. സൈരക്കെതിരെയുള്ള നിരന്ത പരാതിയുടെ അടിസ്ഥാനത്തിലാണ് മൃഗസരക്ഷണ വകുപ്പിൻറെ നടപടി. ഡോ. സൈരയുടെ മോശം പെരുമാറ്റവും കൈക്കൂലി വാങ്ങലും മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.വാർത്തയ്ക്ക് പിന്നാലെ മൃഗസംരക്ഷണ വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
ഔദ്യോഗിക സമയത്ത് പോലും ഫോണെടുക്കില്ല, ഫോണെടുത്താൽ ക്ഷീരകർഷകരോട് കയർത്തു സംസാരിക്കും, സർക്കാർ സേവനങ്ങൾക്ക് വന്നാൽ പണം വാങ്ങും എന്നിങ്ങനെയുള്ള
പരാതികളാണ് കഴക്കൂട്ടം മൃഗാശുപത്രിയിലെ ഡോ. സൈരക്കെതിരെ ഉയർന്നത്. ചർമമുഴ വന്ന് കന്നുകാലികൾ ചത്തുപോകുമ്പോഴും ഡോക്ടർ നിസ്സഹകരണം തുടരുന്നതായി ക്ഷീരകർഷകർ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷിക്കാൻ മന്ത്രി ജെ ചിഞ്ചുരാണി നിയോഗിച്ച അന്വേഷണസംഘത്തിൻറെ റിപ്പോർട്ടിൽ ഡോ. സൈരക്കെതിരെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി.
കർഷകരോട് ഡോക്ടർ ധാർഷ്ട്യത്തോടെ പൊരുമാറിയെന്നും ഡ്യൂട്ടി നിർവഹണത്തിൽ കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കൈക്കൂലി ആരോപണം ഗൗരവമുള്ളതാണ്.ഒരു സർക്കാർ ഉദ്യോഗസ്ഥന് വേണ്ട സാമൂഹ്യ പ്രതിബദ്ധതയും സേവനസന്നദ്ദതയും ഡോക്ടർക്കുണ്ടായിരുന്നില്ല.
സൈരയുടെ നടപടി മൃഗസംരക്ഷണ വകുപ്പിന് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. നടപടി ഒഴിവാക്കാൻ സർക്കാരിന് മേൽ കേരള ഗവൺമെൻറ് വെറ്റിനറി ഓഫീസേഴ്സ് അസോസിയേഷൻറെ സമ്മർദമുണ്ടായിരുന്നെങ്കിലും ഫലം കണ്ടില്ല.ഡോ. സൈരയെ സസ്പെൻഡ് ചെയ്ത് പകരം ചുമതല നാലാഞ്ചിറ മൃഗാശുപത്രയിലെ ഡോക്ടർക്ക് നൽകി.


