തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വിദ്യാര്‍ഥി കണ്‍സഷന്‍ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആന്‍റണി രാജു. വിദ്യാർത്ഥികൾ കൺസഷനിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അർഹരായിട്ടുള്ള എല്ലാവർക്കും യാത്ര ഇളവുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം മുതൽ ഓൺലൈനിലൂടെ കൺസഷന്‍ പാസ് നൽകാനുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.വിരമിച്ച ഉദ്യാഗസ്ഥർ വരെ പഠിക്കാനെന്ന് പറഞ്ഞ് സൗജന്യയാത്ര വാങ്ങുകയാണ്. ഇത് തടയാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പുതിയ മാനദണ്ഡമനുസരിച്ച് 65 ശതമാനം കണ്‍സഷന്‍ കിട്ടും.പ്രായപരിധി വച്ചതിനും കൃത്യമായ കാരണമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഈവനിങ് ക്ലാസില്‍ പഠിക്കുന്നവരും കണ്‍സഷന്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
25 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും ആദായ നികുതി കൊടുക്കുന്ന മാതാപിതാക്കളുടെ കോളേജില്‍ പഠിക്കുന്ന മക്കള്‍ക്കും ഇനി മുതല്‍ യാത്രാ ഇളവ് നല്‍കാതിരിക്കാനുള്ള കെഎസ്ആര്‍ടിസി നീക്കം വിവാദമായിരുന്നു. കെഎസ്ആര്‍ടിസിയുടെ നീക്കത്തിന് പിന്നാലെ യാത്രാ സൗജന്യത്തിനെതിരെ സ്വകാര്യ ബസുടമകളും രംഗത്തെത്തി. സ്വകാര്യ ബസ്സുകളിൽ മാത്രം കൺസഷന്‍ അനുവദിക്കാനാവില്ല. കുട്ടികൾക്ക് കൺസഷന്‍ നൽകുന്നതിൽ സ്വകാര്യ ബസുടമകൾ എതിരല്ല. എന്നാൽ നിരക്ക് വർധിപ്പിക്കുക തന്നെ വേണം. ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഏപ്രിൽ 1 മുതൽ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചു.