പാറശാല: പാറശാല ഷാരോൺ രാജ് കൊലക്കേസിൽ കുറ്റപത്രത്തിലെ നിർണായക വിവരങ്ങൾ പുറത്ത്. ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിലെ നിർണായക വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്.
ഗ്രീഷ്മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയ 2022 ഒക്ടോബർ 14ന് രാവിലെ 7.35 മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാൻ ഗ്രീഷ്മ തുടർച്ചയായി നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. 13ന് രാത്രി ഒരു മണിക്കൂർ 7 മിനിറ്റ് ലൈംഗികകാര്യങ്ങൾ സംസാരിച്ചു. 14ന് രാവിലെ ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് ഫോണിലൂടെയും ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഷാരോണിനെ ജീവിതത്തിൽനിന്ന് ഒഴിവാക്കാനായി ഗ്രീഷ്മ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെയാണ് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. 142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
2021 ഒക്ടോബർ മുതലാണ് ഷാരോൺരാജും ഗ്രീഷ്മയും പ്രണയത്തിലായതെന്നു കുറ്റപത്രത്തിൽ പറയുന്നു. 2022 മാർച്ച് 4ന് പട്ടാളത്തിൽ ജോലിയുള്ള ആളുമായി വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഇരുവരും പിണങ്ങി. 2022 മേയ് മാസം മുതൽ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബർ മാസത്തിൽ ഷാരോണിന്റെ വീട്ടിൽവെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയിൽവച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു. വിവാഹം അടുത്തുവരുന്നതിനാൽ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
സംഭവദിവസം ഷാരോണുമായി സെക്സ് ചാറ്റ് ചെയ്തതിന് ശേഷം ലൈംഗികബന്ധത്തിനായാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഈ വാട്സാപ്പ് ചാറ്റിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഗ്രീഷ്മയുടെ വീട്ടിൽനിന്ന് കഷായം കുടിച്ച് അവശനായ ഷാരോൺ ചികിത്സയിലിരിക്കെ ഒക്ടോബർ 25-നാണ് മരിച്ചത്. ഇതിനുപിന്നാലെയാണ് കുടുംബം ഗ്രീഷ്മയ്ക്കെതിരേ രംഗത്തെത്തിയത്. തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.