തിരുവനന്തപുരം: ബന്ധുക്കളുടെ തിരിച്ചറിയൽ രേഖകളുപയോഗിച്ച് വ്യാജ പാസ്പോർട്ടുകൾ സംഘടിപ്പിച്ച് വിദേശത്തേയ്ക്ക് കടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് തമിഴ്നാട് സ്വദേശികളെ എമ്മിഗ്രേഷൻ അധികൃതർ പിടികൂടി വലിയതുറ പോലീസിന് കൈമാറി. തമിഴ്നാട്, കന്യാകുമാരി ജില്ലയിൽ തക്കല താലൂക്കിൽ നുള്ളിവിളെ വില്ലേജിൽ കണ്ടൻവിള പണ്ടാരവിളയിൽ ചിത്തൻതോപ്പിൽ താമസിക്കുന്ന മഗിഴൻ(51) തമിഴ്നാട്, കന്യാകുമാരി ജില്ലയിൽ തക്കല താലൂക്കിൽ നുള്ളിവിളെ വില്ലേജിൽ കണ്ടൻവി സെന്റ് തെരേസസ് (RC) പള്ളിക്ക് സമീപം താമസിക്കുന്ന സിറിൽ മകൻ വയസ്സുള്ള ക്രിസ്റ്റഫർ(53) എന്നിവരാണ് പിടിയിലായത്.
ഇരുവരും പാസ്പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയ സമയത്താണ് പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തിയതും ഇരുവരേയും ഡീപോർട്ട് ചെയ്ത് സ്വദേശത്തേയ്ക്ക് കയറ്റി അയച്ചതും. പ്രതി ക്രിസ്റ്റഫറിനെ സഹായിച്ച ട്രാവൽ ഏജന്റിനേയും പ്രതിയായി ചേർത്തിട്ടുണ്ട്. ശംഖുംമുഖം അസ്സിസ്റ്റന്റ് പോലീസ് കമ്മീഷണർ ഡി.കെ പ്രിഥ്വിരാജിന്റെ മേൽ നോട്ടത്തിൽ വലിയതുറ എസ്.ച്ച്.ഒ രതീഷ് ജി എസ് എസ്.ഐമാരായ അഭിലാഷ് എം, അലീന സൈറസ്, എ.എസ്.ഐ ശിവ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കൂടുതൽ ആളുകൾ കേസ്സിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി വരുന്നതായി പോലീസ് അറിയിച്ചു