തിരുവനന്തപുരം: പതിനാറുകാരിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി ആര്യനാട് പുറുത്തിപ്പാറ കോളനി ,ആകാശ് ഭവനിൽ ശില്പി (27) ക്ക് നാൽപ്പത്തി ഒമ്പത് വർഷം കഠിന തടവും 86,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക സ്പെഷ്യൽ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശനൻ വിധി ന്യായത്തിൽ പറയുന്നുണ്ട്. പിഴ തുക ഇരയായ കുട്ടിക്ക് നൽക്കണം.
പ്രതി പല തവണ നേരിട്ടും ഫോണിലൂടെയും കുട്ടിയെ ശല്യം ചെയ്തിരുന്നു. അങ്ങനെയിരിക്കെ 2021 ആഗസ്റ്റ് മൂന്നിന് രാവിലെ പത്തിന് പ്രതി കുട്ടിയുടെ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു. കുട്ടി പ്രതിരോധിച്ചപ്പോൾ കൈകൾ പിന്നോട്ടാക്കി ഷാൾ വെച്ച് കെട്ടുകയും വാ പൊത്തി പിടിച്ചതിന് ശേഷമാണ് പീഡിപ്പിച്ചത്.
തുടർന്ന് 2021 സെപ്തംബർ 24 ന് ഉച്ചയ്ക്ക് പന്ത്രണ്ടരയക്ക് കുട്ടി വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കാൻ കയറിയപ്പോൾ പ്രതി കുളിമുറി തള്ളി തുറന്ന് കയറി പീഡിപ്പിച്ചു. കുട്ടിയുടെ വീട്ടുകാർ പുറത്ത് പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പ്രതി പീഡിപ്പിക്കാൻ കയറിയത്. സംഭവം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നും സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ ഇടുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്ന് ആരോടും പറഞ്ഞില്ല. പ്രതി മറ്റ് ക്രിമിനൽ കേസുകളിൽ പ്രതി കൂടിയായതിനാൽ കുട്ടി ഭയന്ന് പോയി. കുറച്ച് മാസങ്ങൾക്ക് ശേഷം വയറ് വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം അറിയുന്നത്. തുടർന്നാണ് ആര്യനാട് പൊലീസ് കേസ് എടുത്തത്. എസ്.റ്റി ആശുപത്രിയിൽ കുട്ടി ഗർഭഛിദ്രം ചെയതു.
പൊലീസ് പ്രതിയുടെ രക്ത സാമ്പിളുമായി ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പ്രതിയുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഭിഭാഷകരായ എം.മുബീന, ആർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി.പ്രോസിക്യൂഷൻ ഇരുപത്തി ഒന്ന് സാക്ഷികൾ, മുപ്പത്തിമൂന്ന് രേഖകൾ ഏഴ് തൊണ്ടിമുതലുകൾ ഹാജരാക്കി. ആര്യനാട് പോലീസ് ഇൻസ്പെക്ടർ ജോസ്.എൻ.ആർ, എസ് ഐ ഷീന.എൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.