കൊച്ചി: മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 34.22ഗ്രാം എം ഡി എം എയും10 ഗ്രാം കഞ്ചാവും പിടികൂടി. കൊച്ചി സ്വദേശി കെന്നത്ത് ഫ്രാൻസീസിന്റെ പക്കൽ നിന്നാണ് ഇവ പിടികൂടിയത്. കൊച്ചി- മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എ.എസ്. ജയൻ്റെ നേതൃത്വത്തിൽ, തോപ്പുംപടി മൂലങ്കുഴി ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് മയക്കുമരുന്ന് വേട്ട.
എ ടി എം, സി ഡി എം എ പോലുള്ള ഓൺലൈൻ മാർഗ്ഗമുപയോഗിച്ചാണ് പ്രതി വിൽപ്പന നടത്തി വരുന്നതെന്നാണ് റിപ്പോർട്ട്. ഒരു ഗ്രാമിന് 1500 നിരക്കിൽ ബോംബയിൽ നിന്നും വാങ്ങി ട്രെയിൻ മാർഗ്ഗം കൊച്ചിയിൽ എത്തിച്ച് ഇടനിലക്കാർ വഴി ഒരു ഗ്രാമിന് ഏകദേശം 4000 രൂപ മുതൽ 6000 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്.
മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. ബോംബയിൽ നിന്നുമാണ് പ്രതി മയക്ക് മരുന്ന് എത്തിച്ചിരുന്നത് .ഇതിന്റെ വൻ ശൃംഖലയെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ എ.എസ്.ജയൻ , പ്രിവൻ്റീവ് ഓഫീസർ.കെ.കെ.അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്.റൂബൻ, പ്രദീപ്, ടോണി,വനിത സിവിൽ എക്സൈസ് ഓഫീസർ സ്മിത ജോസ്, ഡ്രൈവർ അജയൻ എന്നിവർ പങ്കെടുത്തു .
സിന്തറ്റിക്ക് ഡ്രഗ്സ് ഇനത്തിൽപ്പെട്ട എം ഡി എം എ ഒരു ഗ്രാം പോലും കൈവശം വെച്ചാൽ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടുന്ന കുറ്റമാണ്. Methylenedioxymethamphetamine എന്നാണ് ഇതിന്റെ പൂർണ്ണരൂപം. ഈ മയക്ക് മരുന്ന് ഡി.ജെ പാർട്ടികളിൽ ഉപയോഗിക്കുന്നതിനാൽ ഇതിനെ പാർട്ടി ഡ്രഗ് എന്നും ,കൊച്ചിയിൽ ഇതിനെ മൂക്കിപ്പൊടി, മിത്ത്, എം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.