ന്യൂഡൽഹി:ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എളമരം കരീം എംപിക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. കേരളം 12 വയസ്സിൽ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേർക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടത്.
എന്നാൽ ഇത് മോട്ടോർ വാഹന വകുപ്പിന്‍റെ നിയമത്തിന് വിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. പക്ഷെ കേരളം നൽകിയ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. അതെ സമയം സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി റോഡിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നാളെ മുതൽ പിഴ ചുമത്തും. ബോധവത്കരണ നോട്ടീസ് നൽകൽ സമയം പൂർത്തിയായതിനെ തുടർന്നാണ് ഇന്ന് അർധരാത്രി മുതൽ പിഴ ചുമത്തലിലേക്ക് കടക്കുന്നത്.