നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, രോഗികൾക്ക് കൂടുതൽ സൗകര്യങ്ങളോടുകൂടി ചികിത്സ ഉറപ്പുവരുത്തുന്നതിനുമായുള്ള സമഗ്ര വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. കിഫ്‌ബിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രാഥമിക സർവ്വേ നടപടികൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ എസ്പിവി ആയ ‘ഹൈറ്റ്‌സി’നെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെടുമങ്ങാട് എം.എൽ.എ കൂടിയായ മന്ത്രി ജി. ആർ. അനിലിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും 3.26 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പ്രീ വെയ്റ്റിംഗ് ഏരിയ, റിസപ്ഷൻ റൂം, ഡോക്‌ടേഴ്‌സ് റൂം, എക്‌സ്‌റേ റൂം, ട്രീറ്റ്‌മെന്റ് റൂം, റെക്കോർഡ് റൂം, ലാബ്, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, ശുചിമുറികൾ, ലിഫ്റ്റ്, സ്റ്റെയർ തുടങ്ങിയവയാണ് പണിയുന്നത്. 1077 ചതുരശ്ര മീറ്റർ (11,500 ചതുരശ്രയടി) വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ നിർമ്മാണം 11 മാസത്തിനുള്ളിൽ പൂർത്തിയാക്കും. ആദിവാസി മേഖല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നുമുള്ള സാധാരണക്കാരായ ജനങ്ങൾ ഏറെ ആശ്രയിക്കുന്നതാണ് നെടുമങ്ങാട് ജില്ലാ ആശുപത്രി. പുതിയ ബ്ലോക്ക് യാഥാർഥ്യമാകുന്നതോടെ, ആശുപത്രിയിലെ തിരക്ക് ഒരുപരിധി വരെ നിയന്ത്രിക്കുന്നതിനും സാധിക്കും.
നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷയായ പരിപാടിയിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാ ബീഗം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. ആർ. സലൂജ, എം. ജലീൽ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.