ഡൽഹി: വ്യാപകനാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. ഗുജറാത്തിലെ തീര മേഖലയിലാണ് ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചത്. രണ്ട് പേര്‍ ചുഴലിക്കാറ്റില്‍ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നിരവധി കന്നുകാലികളും ചത്തൊടുങ്ങി. വൈദ്യുത പോസ്റ്റുകള്‍ വ്യാപകമായി തകർന്നു. ഇതോടെ 900 ഗ്രാമങ്ങള്‍ ഇരുട്ടിലായി. അതേസമയം 125 കിലോ മീറ്റർ വേഗതയില്‍ വീശിയ ചുഴലക്കാറ്റിന്‍റെ തീവ്രത ഇപ്പോള്‍ നൂറില്‍ താഴെയായി കുറഞ്ഞു.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടത്. ചുഴലിക്കാറ്റ് കടന്നുപോകുന്ന മേഖലകളില്‍ നിന്ന് ഒരു ലക്ഷത്തിലധികം പേരെ ഒഴുപ്പിച്ചതിനാല്‍ വലിയ ആള്‍നാശം ഒഴിവാക്കാനായി. നാലിയ, ജഖാവു, അബ്ദാസ, ദയാപൂര്‍ തുടങ്ങിയ കച്ചിലെ മേഖലകളിലാണ് ഏറ്റവും വലിയ നാശനഷ്ടം ഉണ്ടായത്. അഞ്ഞൂറിലധികം മരങ്ങള്‍ കടപുഴകി വീണെന്നാണ് കണക്ക്.