കഴക്കൂട്ടം: ടെക്നോപാർക്ക് സമീപം മുക്കോലയ്ക്കലിൽ ഇരുകൂട്ടർ തമ്മിലുണ്ടായ വാക്കേറ്റത്തിലും അടിപിടിയിലും രണ്ടുപേർക്ക് കുത്തേറ്റ സംഭവത്തിൽ പ്രധാന പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തു.
തിരുവനന്തപുരം ആൾസെയിൻസ് സ്വദേശി ശ്യാംഖാൻ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മേയിലാണ് സംഭവം.വെളുപ്പിന് ഒരു മണിക്ക് ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മണക്കാട് സ്വദേശികളായ അൽ അമീൻ അൽത്താഫ്, പൂന്തുറ സ്വദേശി അർഷാദ് എന്നിവരും അവിടെ ഉണ്ടായിരുന്ന ആൾ സെയിന്റ്സ് സ്വദേശികളായ ഷാനു, അറസ്റ്റിലായ ശ്യാംഖാൻ, വെമ്പായം സ്വദേശി അരുൺ എന്നിവരും തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായി. ഇതിനിടയിലാണ് അജ്മൽ ഖാനിലും നസീബിനിലും കുത്തേറ്റത്. ശ്യാംഖാനോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സൈബർ സിറ്റി അസി.കമ്മീഷണർ പൃഥ്വിരാജ്, എസ്.എച്ച്.ഒ അജിത് കുമാർ ജി. എസ് ഐമാരായ മിഥുൻ ശരത് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജാദ് ഖാൻ, അൻസിൽ, അൻവർഷാ, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.