മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഇർഷൽവാഡി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 25 പേർ മരിച്ചു. മഹാരാഷ്‌ട്രയിലെ ഇർഷാൽവാഡിയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ നാലാം ദിവസവും തുടരുകയാണ്. നിരവധി പേർ ഇനിയും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.
മുംബൈയിൽ നിന്ന് 80 കിലോമീറ്റർ അകലെ, ഖലാപൂർ തഹസിലിനു താഴെ കുന്നിൻ ചെരുവിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്.ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫും) മറ്റ് സർക്കാർ ഏജൻസികളും നിർത്തി വച്ച തിരച്ചിൽ പുനരാരംഭിച്ചു. കനത്ത മഴയെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ തിരച്ചിൽ നിർത്തിവച്ചിരുന്നു. നാലു എൻഡിആർഎഫ് ടീമുകളും മറ്റ് ഏജൻസികളും ഇന്ന് രാവിലെ പ്രവർത്തനം പുനരാരംഭിച്ചെന്ന് എൻഡിആർഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ശനിയാഴ്ച ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇർഷാൽവാഡിയിലെത്തി ഗ്രാമീണരുമായി സംസാരിച്ചു. അപകടമേഖലയിൽ താമസിക്കുന്നവരെ സുരക്ഷിതമായ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് താക്കറെ ഉറപ്പു നൽകി. ഗ്രാമത്തിലെ 48 വീടുകളിൽ കുറഞ്ഞത് 17 എണ്ണം മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പൂർണ്ണമായും ഭാഗികമായും മണ്ണിനടിയിലായി.