തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ ഗവേഷണ താത്പര്യം വളര്‍ത്തുന്നതിനും പ്രഗത്ഭരായ ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുന്നതിനുമായി സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര ഗവേഷണ സമ്മേളനം സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം ഗവേഷക വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സമ്മേളനം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അറുപതോളം ഗവേഷണഫലങ്ങളാണ് കുട്ടികള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചത്.
സമാപന സമ്മേളനം ശാസ്ത്രജ്ഞനും മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേശകനുമായ എം.സി ദത്തന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളെ പൊതുസ്വീകാര്യതയുള്ള നല്ല വ്യക്തിത്വങ്ങളായി വളര്‍ത്തിയെടുക്കുന്നതിലായിരിക്കണം മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. സാമര്‍ത്ഥ്യവും മാര്‍ക്കുമൊന്നുമല്ല കുട്ടികളുടെ അളവുകോല്‍. പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് നേടിയെടുക്കുന്ന വിവരശേഖരമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. ആ അറിവുകള്‍ സമൂഹ നന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നതിന് പ്രാപ്തമാക്കുന്ന ഒരു തലമുറയെയാണ് വാര്‍ത്തെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മികച്ച ഗവേഷണ ഫലങ്ങള്‍ അവതരിപ്പിച്ച 13 സ്‌കൂളുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍, ക്യാഷ് അവാര്‍ഡ് എന്നിവ എം.സി ദത്തന്‍ വിതരണം ചെയ്തു. ജോണ്‍ ജോസഫ്, ഡോ.രഞ്ജു ജോസഫ്, റെയ്ന റാഫി തുടങ്ങിയവര്‍ പങ്കെടുത്തു. ഡിഫറന്റ് ആര്‍ട് സെന്ററിന് കീഴിലുള്ള സയന്‍ഷ്യ ഗവേഷണ കേന്ദ്രം, ജൈറ, സ്റ്റെം ഫോര്‍ ഗേള്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. കുട്ടികളില്‍ ശാസ്ത്രീയ ഗവേഷണ രീതി പരിശീലിപ്പിക്കുന്നതിനായി 2021ല്‍ ആരംഭിച്ച സംഘടനയാണ് ജൈറ (ഗ്ലോബല്‍ യംഗ് റിസര്‍ച്ചേഴ്സ് അക്കാദമി).
യു.എസില്‍ രൂപം കൊണ്ട ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ, ആസ്‌ട്രേലിയ, സിംഗപ്പൂര്‍, ന്യൂസിലാന്റ്, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനോടകം വ്യാപിച്ചുകഴിഞ്ഞു. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന പാനല്‍ അംഗങ്ങളാണ് ജൈറയ്ക്ക് നേതൃത്വം കൊടുക്കുന്നത്. 350ല്‍പ്പരം വിദ്യാര്‍ത്ഥികളാണ് ഇവിടെ പരിശീലനം നേടി വരുന്നത്. അദ്ധ്യാപകരുടെും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ ചെറുഗ്രൂപ്പുകളായാണ് ജൈറയുടെ മേല്‍നോട്ടത്തില്‍ ഗവേഷണങ്ങള്‍ നടത്തുന്നത്. പെണ്‍കുട്ടികളില്‍ ശാസ്ത്രവിഷയത്തില്‍ പരിശീലനം നല്‍കുന്നതിനായി 2020ല്‍ യു.എസില്‍ രൂപീകരിച്ച സംഘടനയാണ് സ്റ്റെം ഫോര്‍ ഗേള്‍സ്. ഈ സംഘടനകളുടെ നേതൃത്വത്തില്‍ ആദ്യമായാണ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.