മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ മുനിസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. 24 മണിക്കൂറിനുള്ളിൽ പതിനെട്ടോളം രോഗികൾ മരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സാമനമായ കൂട്ടമരണങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ താനെ മുനിസിപ്പൽ കോർപ്പറേഷൻ
അന്വേഷണം പ്രഖ്യാപിക്കുകയും, മഹാരാഷ്ട്ര സർക്കാർ ഉന്നത തല സമിതിയെ നിയോഗിക്കുകയും ചെയ്തു.
താനെയിലെ കാൽവയിലുള്ള ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലാണ് രോഗികളുടെ കൂട്ടമരണം സംഭവിച്ചത്. ആറ് രോഗികൾ മരിച്ചത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കുറിനുള്ളിലായിരുന്നു. മരണപ്പെട്ടവരിൽ 12 പേർ 50നു മുകളിൽ പ്രായമുള്ളവരാണ്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ദീപക് കേസർക്കർ ഉറപ്പു നൽകി. അതേസമയം അധികൃതരുടെ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്ന് മരണപ്പെട്ടവരുടെ കുടുംബം ആരോപിച്ചു. അതിനിടെ രോഗികളിൽ ചിലർ ആശുപത്രിയിൽ വരുന്നതിനു മുമ്പ് തന്നെ ഗുരുതരാവസ്ഥയിലായിരുന്നു വെന്നും ചികിത്സയ്ക്കിടെയാണ് മരണമടഞ്ഞെന്നും ആശുപത്രി മാനേജ്‌മെന്‍റ് ഞങ്ങളോട് പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഗണേഷ് ഗൗഡെ പറഞ്ഞു.