തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. സാധാരണയെക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെലഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി എത്തിയേക്കാം.
ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35ഡിഗ്രി വരെയും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34ഡിഗ്രി വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 – 4 ഡിഗ്രി കൂടുതലാണിത്. ഈ മൺസൂൺ സീസണിൽ താപനില മുന്നറിയിപ്പ് ഇതാദ്യമാണ്.
നിർജലീകരണം തടയാൻ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കയ്യിൽ കരുതണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം. വിദ്യാർഥികളുടെ കാര്യത്തിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകൾ 11 മുതൽ മുതൽ 3 മണി വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.