തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് ജീവിത നൈപുണികൾ വികസിപ്പിച്ചെടുക്കുന്നതിനായി ലൈവ് സ്കിൽ എന്ന പേരിൽ ഡിഫറന്റ് ആർട് സെന്ററിൽ പുതിയ പദ്ധതി ഒരുങ്ങുന്നു. ഭിന്നശേഷി കുട്ടികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമൂഹ്യ ഇടപെടലുകൾക്ക് ശാസ്ത്രീയത കൈവരുത്തുന്നതിനുമായാണ് പദ്ധതി ആരംഭിക്കുന്നത്.
ഇതിനായി സെന്ററിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഭിന്നശേഷി കുട്ടികൾക്ക് സ്വതന്ത്രമായി ചിന്തിക്കുന്നതിനും ദൈനംദിന കാര്യങ്ങളിലടക്കം ചിട്ടയായ രീതിയിൽ എങ്ങനെ പെരുമാറണമെന്ന് നേരിട്ട് അനുഭവിച്ചറിയാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച്ച വൈകുന്നേരം 4.30ന് മുൻ കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും.
അസാപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ഉഷാ ടൈറ്റസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡിഫറന്റ് ആർട് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാനേജർ സുനിൽ രാജ് എന്നിവർ പങ്കെടുക്കും. ചടങ്ങിന് മുന്നോടിയായി രാവിലെ 11.30ന് ഭിന്നശേഷി കുട്ടികളും അമ്മമാരും ചേർന്നൊരുക്കുന്ന മെഗാ തിരുവാതിരയും ഉണ്ടായിരിക്കും.