ദില്ലി: ചന്ദ്രയാൻ-മൂന്നിന്റെ വിജയമാഘോഷിക്കവേ സൗരദൗത്യത്തിനൊരുങ്ങുകയാണ് ഇസ്രോ. സൗര ഗവേഷണത്തിനുള്ള ഇന്ത്യയിലെ ആദ്യ പദ്ധതിയായ ആദിത്യ-എൽ1 വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ് ആദിത്യ-എൽ1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. സൗരവാതങ്ങളെക്കുറിച്ചും വിശദമായി പഠിക്കും.
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും 15 ലക്ഷം കിലോമീറ്ററാണ് ആദിത്യ എൽ-1 സഞ്ചരിക്കുക.ഭൂമിയുടെ കാലാവസ്ഥയിൽ സൂര്യന്റെ സ്വാധീനം മനസ്സിലാക്കാൻ ദൗത്യത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ.
ആദിത്യ എൽ 1 വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായെന്നും റോക്കറ്റും പേടകവും ശ്രീഹരിക്കോട്ടയിൽ എത്തിക്കഴിഞ്ഞെന്നും ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു. എന്നാൽ വിക്ഷേപണത്തിന്റെ അവസാന തീയതി രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ രണ്ടിന് വിക്ഷേപണമുണ്ടായേക്കാമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.