തിരുവനന്തപുരം: സ്പീക്കര്‍ റൂളിങ് നല്‍കിയിട്ടും സ്പീക്കറെ പോലും അപമാനിക്കുന്ന തരത്തിലാണ് ഭരണകക്ഷി അംഗങ്ങള്‍ പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷത്തെ ചാരി സ്പീക്കറെ അപമാനിക്കുന്ന സംഭവങ്ങളും തുടര്‍ച്ചയായി ഉണ്ടാകുകയാണ്. അതിന്റെ കാരണം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും പക്ഷെ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു. നിരന്തരമായി സ്പീക്കര്‍ അവഹേളിതനാകുന്ന തരത്തിലുള്ള പ്രവര്‍ത്തനാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കിട്ടിയ അവസരത്തിലെല്ലാം സ്പീക്കറെ മോശക്കാരനാക്കാനാണ് ഭരണപക്ഷം ശ്രമിച്ചത്.
മന്ത്രിമാരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തിയത്. പ്രതിപക്ഷ ഉപനേതാവിന്റെ വാക്കൗട്ട് പ്രസംഗം നടത്താനും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം അനുവദിച്ചില്ല. നിയമസഭ തല്ലിത്തകര്‍ത്തവര്‍ മന്ത്രിമാരായി ഇരിക്കുന്ന സഭയില്‍ അവരുടെയെല്ലാം നേതൃത്വത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. ചില ദിവസങ്ങളില്‍ മന്ത്രിമാരുടെ സംഘമാണ്. പ്രതിപക്ഷത്തിന്റെ പ്രസംഗം തടസപ്പെടുത്തുന്നതും സ്പീക്കറെ അവഹേളിക്കുന്നതും പ്രതിഷേധാര്‍ഹമാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘം പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലാണ് ആഭ്യന്തരവകുപ്പ് ഹൈജാക്ക് ചെയ്തിരിക്കുന്നത്. അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയത് പോലും മുഖ്യമന്ത്രി അറിഞ്ഞില്ല. ഇത് അറിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് അവിടെ ഇരിക്കുന്നത്? വേറെ ആരൊക്കെയോ ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ആ സംഘത്തിന്റെ കയ്യിലാണ് ആഭ്യന്തരവകുപ്പ്. ഈ സംഘമാണ് ഐ.ജി വിജയനെ സസ്‌പെന്‍ഡ് ചെയ്യിപ്പിച്ചത്. ഇവരാണ് മാതൃഭൂമി സംഘത്തെ തടഞ്ഞുനിര്‍ത്തി ഐ.ജി വിജയനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയും കേസെടുക്കുന്നതും ഈ സംഘമാണ്.
ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ 94 വയസുകാരന്‍ മുദ്രാവാക്യം വിളിക്കുമ്പോഴാണ് പൊലീസ് വായ് പൊത്തിപ്പിടിക്കുന്നതും തൊപ്പികൊണ്ട് മുഖം മറയ്ക്കുന്നതും. ഇത് അപമാനകരമാണ്. ഇടതുപക്ഷ സര്‍ക്കാരിന് ഇങ്ങനെ ചെയ്യാന്‍ പറ്റില്ല. ഇതൊരു തീവ്ര വലതുപക്ഷ സര്‍ക്കാരാണ്. സതിയമ്മയോടും ഗ്രോവാസുവിനോടും കാണിക്കുന്ന ആവേശം ക്രിമിനലുകളോട് കാട്ടാന്‍ പൊലീസ് തയാറാകുന്നില്ല. പാവങ്ങളുടെ മെക്കിട്ട് കയറുകയാണെന്നും വി ഡി സതീശൻ.