ന്യൂഡൽഹി: രാജ്യം ഇന്നു പുതിയ പാർലമെന്റ് മന്ദിരത്തിലാണ് സമ്മേളിക്കുക. നിർണായക തീരുമാനങ്ങൾ സംബന്ധിച്ച ചർച്ചകൾ ഇന്ന് നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പഴയ പാർലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനത്തിനുശേഷം വൈകിട്ട് ആറരയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിസഭ യോഗം ചേർന്നത്. രണ്ടു മണിക്കൂർ നീണ്ട യോഗത്തിനുശേഷം പതിവുള്ള പത്രസമ്മേളനമുണ്ടായില്ല.
വനിതാ സംവരണ ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപനത്തിൽ തുടർ നടപടികൾക്കു തീരുമാനമെടുത്തെന്നും രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റുന്ന പ്രമേയത്തിന് അംഗീകാരം നൽകിയെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വനിതാ ബിൽ നാളെയാകും അവതരിപ്പിക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്.
മന്ത്രിസഭാ യോഗത്തിനു മുൻപ് ആഭ്യന്തര മന്ത്രി അമിത് ഷായുമായി വാണിജ്യ മന്ത്രി പീയൂഷ് ഗോയലും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ചർച്ച നടത്തി.
പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചായിരുന്നു ഇന്നലെ ഇരുസഭകളിലെയും ചർച്ച.