
ബംഗളൂരു: ചാന്ദ്രരാത്രിയെത്തുടർന്ന് “ഉറക്കത്തിലായ’ ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡറിനെയും റോവറിനെയും ഉണർത്തുന്നത് ഇന്നത്തേക്ക് മാറ്റി. വെള്ളിയാഴ്ച പ്രവർത്തനസജ്ജമാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, ചില കാരണങ്ങളാൽ അതു മാറ്റിവയ്ക്കുകയാണെന്ന് ഇസ്രൊയുടെ സ്പെയ്സ് ആപ്ലിക്കേഷൻ സെന്‍റർ ഡയറക്റ്റർ നീലേഷ് ദേശായി അറിയിച്ചു.
ഓഗസ്റ്റ് 23നാണ് വിക്രം ലാൻഡർ ചന്ദ്രനിലെ ശിവശക്തി പോയിന്‍റിൽ ഇറങ്ങിയത്. കഴിഞ്ഞ രണ്ടിന് റോവറും നാലിന് ലാൻഡറും സ്ലീപ് മോഡിലേക്കു മാറി. ചാന്ദ്ര പകല്‍ അവസാനിച്ചതോടെയാണ് ഊര്‍ജ സംരക്ഷണത്തിനുവേണ്ടി ഇവ സ്ലീപ് മോഡിലേക്കു മാറ്റിയത്.
ബുധനാഴ്ചയാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്തിത്തുടങ്ങിയത്.വിക്രമും പ്രജ്ഞാനും ഉണരുന്നതോടെ ചന്ദ്രയാൻ 3ന്‍റെ രണ്ടാംഘട്ടത്തിനു തുടക്കമാകുമെന്നു കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.


