തിരുവന്തപുരം: കഠിനംകുളത്ത് വള്ളം മറിഞ്ഞ് കാണാതായ ആളിൻ്റെ മൃതദേഹം കണ്ടെത്തി. കഠിനംകുളം ചാന്നാങ്കര ഇടക്കാട്ടിൽ വീട്ടിൽ ബാബുവിനെയാണ് ഇന്ന് രാവിലെ 9.45 ഓടെ അപകടം നടന്ന കഠിനംകുളം കായലിൽ നിന്നും കണ്ടെത്തിയത്.
പ്രദേശത്തെ മത്സ്യതൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇന്ന് രാവിലെ മുതൽ കായലിൽ തിരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം വലയിൽ കുരുങ്ങുകയായിരുന്നു. ഇതിനിടെ ടെക്നോപാർക്കിൽ നിന്നും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി.
കരക്കെത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റ് മോർട്ടത്തിന് എത്തിക്കാനുള്ള കഠിനംകുളം പോലീസിൻ്റെ നടപടികൾ പുരോഗമിക്കുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ ചാന്നാങ്കര പാർവ്വതി പുത്തനാറിന് സമീപം കഠിനംകുളം കായലിലാണ് വള്ളം മറിഞ് ബാബുവിനെ കാണാതായത്. വളത്തിലുണ്ടായിരുന്ന. കണ്ടവിള സ്വദേശി സജീവ്, അരിയോട്ടുകോണം സ്വദേശികളായ സന്തോഷ്, പ്രവീൺ എന്നിവർ രക്ഷപ്പെട്ടിരുന്നു.
ആറംഗ സംഘം ഉച്ചക്ക് 1 മണിയോടെ കരിച്ചാറക്കടവിൽ നിന്നും 2 കായൽ വള്ളങ്ങളിലായാണ് പുറപ്പെട്ടത്. ബാബു നടക്കം 4 പേർ സഞ്ചരിച്ചിരുന്ന വള്ളമാണ് മറിഞ്ഞത്. മറ്റ് മൂന്ന് പേരും വള്ളത്തിൽ പിടിച്ച് കിടന്നെങ്കിലും ബാബു കായലിൽ അപ്രത്യക്ഷമാവുകയായിരുന്നു. കഴക്കൂട്ടത്ത് നിന്നും ഫയർഫോഴ്സും തിരുവനന്തപുരത്ത് നിന്നുമെത്തിയ സ്കൂബ ടീമും വെള്ളിയാഴ്ച വൈകിട്ട് 7 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.