തിരുവനന്തപുരം: ഇന്ന് വിജയദശമി. വിജയദശമി ദിനമായ ഇന്ന് ആദ്യാക്ഷരം കുറിക്കാൻ നിരവധി കുരുന്നുകളാണ് എത്തുന്നത്. എഴുത്തിനിരുത്ത് ചടങ്ങ് നടക്കുന്ന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പുലര്‍ച്ചെമുതല്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വിവിധ കേന്ദ്രങ്ങളിൽ പുലർച്ചെ 4.30 മുതല്‍ ചടങ്ങ് തുടങ്ങി. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻ പറമ്പിലും പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്.
തുഞ്ചന്‍പറമ്പില്‍ പുലര്‍ച്ചെ 4.30 മുതല്‍ വിദ്യാരംഭം ചടങ്ങുകള്‍ ആരംഭിച്ചു. 50 ഓളം ആചാര്യന്മാര്‍ ആണ് ഇവിടെ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ച് നല്‍കുക. സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ സാന്നിദ്ധ്യത്തിലാണ് ഇവിടെ ചടങ്ങുകൾ നടക്കുന്നത്. അതേപോലെ കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. മുപ്പത്തി അഞ്ച് ആചാര്യൻമാരുടെ നേതൃത്വത്തിലാണ് ഇവിടെ ചടങ്ങുകൾ നടക്കുന്നത്.
കൊല്ലൂര്‍ മൂകാംബികാ ദേവീക്ഷേത്രത്തില്‍ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിയിട്ടുള്ളത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമുതല്‍ വിദ്യാരംഭം തുടങ്ങി.