തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടിന്റെ സംഗീത സപര്യയുടെ ആഘോഷരാവിനെ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് സമര്‍പ്പിച്ച് പിന്നണി ഗായിക മഞ്ജരി കാണികളുടെ കൈയടി നേടി. സംഗീത രംഗത്തെ 20 വര്‍ഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മനസ്സിലേയ്ക്ക് ഒരു മഞ്ജരീ നാദം പരിപാടിയാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ആടിപ്പാടി മഞ്ജരി ആഘോഷമാക്കിയത്.
ഉറുമി സിനിമയിലെ ചിന്നിചിന്നി എന്ന ഗാനം വേദിയില്‍ നിന്ന് സദസ്സിലേയ്ക്കിറങ്ങി വന്ന് ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ആടിപ്പാടുകയായിരുന്നു. ആലപിച്ച മിക്ക ഗാനങ്ങളും വേദിയില്‍ പാടിയ മഞ്ജരി ഈ ഗാനങ്ങളെല്ലാം തന്നെ ദൈവത്തിന്റെ മാലാഖക്കുഞ്ഞുങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും പറഞ്ഞു. ആദ്യഗാനമായ വാമനപുരം ബസ്‌റൂട്ടിലെ താനെ എന്‍ ഗാനത്തില്‍ തുടങ്ങി നിരവധി ചലച്ചിത്ര-ആല്‍ബം ഗാനങ്ങള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് കാണികള്‍ ഏറ്റെടുത്തത്. വിജയ് യേശുദാസിനൊപ്പം ആലപിച്ച ഒരു ചിരി കണ്ടാൽ എന്ന ഗാനം പരിപാടിയുടെ മാറ്റ് കൂട്ടി. സംഗീത ജീവിതത്തിന്റെ ആഘോഷത്തിന് ആശംസകളര്‍പ്പിക്കാന്‍ വേദിയിലും സ്‌ക്രീനിലുമായി നിരവധി പേരാണ് എത്തിയത്.
പ്രമുഖ ഭജന്‍ സാമ്രാട്ട് അനൂപ് ജെലോട്ട, ചലച്ചിത്ര സംഗീത രംഗത്തെ പ്രമുഖരായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഔസേപ്പച്ചന്‍, വിജയ് യേശുദാസ്, ഷിബു ചക്രവര്‍ത്തി, തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍, ശോഭാരവീന്ദ്രന്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ നേരിട്ടും കേന്ദ്രസഹമന്ത്രി വി.മുരളീധരൻ, സത്യന്‍ അന്തിക്കാട്, കെ.എസ് ചിത്ര, സുജാതാമോഹന്‍, ജി. വേണുഗോപാൽ, മോഹൻ സിതാര, നരേൻ, നവ്യ നായർ, ഹരിചരൺ, ശിവമണി, ശ്വേതമോഹൻ തുടങ്ങിയവര്‍ സ്‌ക്രീനിലും ആശംസകള്‍ അറിയിച്ചു. സംവിധായകൻ പ്രജീഷ് പ്രേം ആണ് പരിപാടി സംവിധാനം ചെയ്തത്. സംഗീത സാഫല്യത്തിന്റെ വാര്‍ഷികാഘോഷം ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടത്തുവാന്‍ തീരുമാനിച്ച മഞ്ജരിയുടെ മനസ്സിലെ നന്മ ഈ കുട്ടികള്‍ക്ക് ലഭിച്ച വലിയൊരു സമ്മാനമാണെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഈ പരിപാടി എവിടെ വേണമെങ്കിലും മഞ്ജരിക്ക് നടത്താമായിരുന്നു എന്നാല്‍ ഈ കുട്ടികളുള്ള ഇവിടെ നടത്തുവാന്‍ കാണിച്ച നല്ല മനസ്സിനെ പ്രണമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.