തിരുവനന്തപുരം: എല്ലാ ശബ്ദങ്ങളേയും ആശയങ്ങളേയും ഉൾകൊള്ളുന്ന ആഗോള മാനവികതയുടെ ഇരിപ്പിടമായി ചലച്ചിത്ര മേഖല മാറണമെന്ന് കെനിയൻ സംവിധായിക വനൂരി കഹിയൂ. സാമൂഹിക വികസനത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള മാറ്റങ്ങൾ സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട്. കൊളോണിയൽ അധിനിവേശത്തിന്റെ കാലം മുതൽക്കേ കല എന്നത് പ്രതിരോധത്തിന്റെ മാർഗമാണെന്നും തദ്ദേശീയമായ സിനിമകൾ നിർമിക്കുകവഴി അവിടുത്തെ സംസ്കാരത്തെ പരിപോഷിപ്പിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.
വ്യത്യസ്ത ആശയങ്ങൾ സംവദിക്കാനുള്ള വേദിയായി സിനിമ മാറണമെന്നും ഐ എഫ് എഫ് കെ അത്തമൊരു വേദിയാണെന്നും വനൂരി കഹിയൂ പറഞ്ഞു.രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ .
അഭിപ്രായസ്വാതന്ത്ര്യത്തിനുമേൽ ഭരണകൂടം ആഘാതങ്ങളേൽപ്പിക്കുന്ന കാലത്ത് ഐ എഫ് എഫ് കെ യുടെ പ്രസക്തി വർധിക്കുകയാണെന്ന് സംവിധായകൻ ടി വി ചന്ദ്രൻ പറഞ്ഞു.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, എഫ് എഫ് എസ് ഐ ജനറൽ സെക്രട്ടറി അമിതാവ് ഘോഷ്, സംസ്ഥാന സെക്രട്ടറി ഹേന ദേവദാസ് കെ ജി മോഹൻ കുമാർ എന്നിവർ പങ്കെടുത്തു.