തിരുവനന്തപുരം: ഒരാഴ്ച്ചയോളം തലസ്ഥാന നഗരിയെ ആവേശം കൊള്ളിച്ച ചലച്ചിത്ര മേളയ്ക്ക് നാളെ പ്രൗഢഗംഭീരമായ കൊടിയിറക്കം. പല ദിക്കുകളിൽ നിന്ന് ഒരേ വൈബ് ഉള്ള ഒട്ടനവധി മനുഷ്യർ എല്ലാം മറന്ന് ആസ്വാദകരായി ഈ നഗരിയിലേക്ക് ചേക്കേറിയിട്ട് എട്ടു നാളുകളാകുന്നു. രാവും പകലും മറന്ന് ഒരേ മനസാലെ ആയിരകണക്കിന് മനുഷ്യരാണ് ചലച്ചിത്ര വിസ്മയക്കാഴ്ചകൾ കാണാനായി തിരുവനന്തപുരത്ത് തടിച്ചു കൂടിയത്. ഇനി വീണ്ടും ഒരു വർഷത്തെ കാത്തിരിപ്പ്. വീണ്ടും ഒന്നിക്കാനും സിനിമ വിശേഷങ്ങൾ പങ്കു വയ്ക്കാനും. ഒരു വർഷം കാത്തിരിക്കാനുള്ള ഒരു പിടി നല്ല ഓർമകളുമായിട്ടായിരിക്കും ഇവർ ഇവിടം വിടാനൊരുങ്ങുന്നത്.
മലയാളികളെ അന്യഭാഷാ ചിത്രങ്ങൾ കാണാൻ പ്രേരിപ്പിച്ച കൂടുതൽ ആസ്വാദകരെ സൃഷ്ട്ടിച്ച രാജ്യാന്തര ചലച്ചിത്ര മേള അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ഒൻപത് ഓസ്കാർ എൻട്രികൾ ഉൾപ്പടെ 67 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക. 11 മലയാള ചിത്രങ്ങളടക്കം 66 ചിത്രങ്ങളാണ് മേളയിൽ ഇന്ന് അവസാന പ്രദർശനത്തിന് എത്തുന്നത്. 172 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
മത്സര വിഭാഗത്തിൽ ഡോൺ പാലത്തറയുടെ ഫാമിലി, ഫാസിൽ റസാക്കിന്റെ തടവ്, ലുബ്ദക് ചാറ്റർജിയുടെ വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ തുടങ്ങി പതിനൊന്നു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഈ ചിത്രങ്ങൾ മേളയിൽ കാണാനുള്ള അവസാന അവസരം കൂടിയാണിത്.
ലോക സിനിമ വിഭാഗത്തിൽ പേർഷ്യൻ ചിത്രമായ എൻഡ്ലെസ്സ് ബോർഡേഴ്‌സ്, ജോർദന്റെ ഓസ്കാർ പ്രതീക്ഷയായ ഇൻഷാഅല്ലാഹ് എ ബോയ്, നേപ്പാൾ ചിത്രം എ റോഡ് ടു എ വില്ലേജ് തുടങ്ങി 24 ചിത്രങ്ങളും സുനിൽ മാളൂരിൻ്റെ വലസൈ പറവകൾ, ആനന്ദ് ഏകർഷിയുടെ ആട്ടം, ശ്രുതി ശരണ്യത്തിന്റെ ബി 32 മുതൽ 44 വരെ, ജിയോ ബേബിയുടെ കാതൽ, എം ടി യുടെ നിർമ്മാല്യം തുടങ്ങിയ മലയാള ചിത്രങ്ങളും വ്യാഴാഴ്ച പ്രദർശിപ്പിക്കും.
ഇൻ എ സെർട്ടൻ വേ, ടെയ്ൽസ് ഓഫ് അനദർ ഡേ ചിത്രങ്ങൾ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ലൈഫ് ടൈം അച്ചീവ്മെന്റ് ലഭിച്ച സനൂസിയുടെ മേളയിലെ അവസാന ചിത്രമായി ദി കോൺട്രാക്റ്റും ഏഴാം ദിവസമായ ഇന്ന് പ്രേക്ഷകർക്കു മുന്നിലെത്തും.
സമാപന ചടങ്ങുകൾ നാളെ വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജനാണ് ചടങ്ങിലെ വിശിഷ്ടാതിഥി. കൂടാതെ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും. പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദന്‍ മുഖ്യാതിഥിയാകും.