സംസ്ഥാന പാതകളിൽ കയർ ഡിവൈഡറുകൾ വരുന്നു. കയർ ഡിവൈഡറുകൾ വരുന്നതോടെ നമ്മുടെ റോഡുകൾ സുരക്ഷിതവും മനോഹരവുമാകും. കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തതാണ് കയർ ഡിവൈഡർ. കയർ ഉപയോഗിച്ചാണ് ഈ ഡിവൈഡർ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു പരിസ്ഥിതി സൗഹൃദ ഉത്പന്നമാണ്. കയർ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ ചിലവും കുറവ്. കുറഞ്ഞ ചെലവിൽ ഗതാഗത ക്രമീകരണം നടത്തുവാൻ സാധിക്കും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
വാഹനങ്ങൾ ഡിവൈഡറുകളിൽ തട്ടിയുള്ള അപകടങ്ങളുടെ ആഘാതം ഗണ്യമായി കുറക്കുവാനും ഇത് സഹായകരമാകും. റോഡിന്റെ സ്വഭാവമനുസരിച്ച് ആവശ്യമുള്ള വലിപ്പത്തിൽ ഈ ഡിവൈഡർ ക്രമീകരിക്കാനാകും. ഇപ്പോഴുള്ള ഡിവൈഡറുകളിൽ തൈകൾ നട്ട് പരിപാലിക്കാൻ അവയോടൊപ്പവും ഉപയോഗിക്കാം.
മണ്ണിന്റെ ലഭ്യത കുറവുള്ള പ്രദേശങ്ങളിൽ ഈ ഡിവൈഡറുകൾ നമുക്ക് ഉപയോഗപ്പെടുത്തുവാൻ സാധിക്കും . സസ്യങ്ങൾ വച്ച് പിടിപ്പിച്ച് സൗന്ദര്യവല്ക്കരണം നടത്താം. വെള്ളം ആഗിരണം ചെയ്ത് സൂക്ഷിക്കുവാൻ കഴിയുന്നതിനാൽ വേനൽകാലത്തെ ജലസേചന തോത് കുറക്കാനും കയർ ഡിവൈഡർ സഹായകരമാണ്.