ആലപ്പുഴ: രാമക്ഷേത്രം പണിയുക എന്നതു ഹിന്ദുക്കളുടെ വികാരമാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയോധ്യ പ്രതിഷ്ഠാകര്‍മം അഭിമാനമുയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണ്. വ്യക്തിജീവിതത്തിലും കർമ്മപഥത്തിലും മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്ര ഭഗവാൻ മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണ്, സരയൂതീരത്ത് അയോദ്ധ്യയിലെ ശ്രീരാമചന്ദ്രദേവന്റെ പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും എത്തുകതന്നെ വേണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മാത്രമല്ല ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ മുഹൂർത്തത്തിൽ ജാതി, മത ഭേദമെന്യേ എല്ലാവരും ഭവനങ്ങളിൽ ദീപം തെളിച്ച് ലോകനന്മയ്ക്കായി പ്രാത്ഥിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിന് എതിരെ നിൽക്കുന്ന ശക്തികൾ മലവെള്ളപാച്ചിലിൽ ഒഴുകിപ്പോകും.
ഉൾക്കൊള്ളാൻ മനസ്സുള്ളവർക്ക് മാത്രം ഉൾക്കൊള്ളാമെന്നും മക്ഷേത്രത്തിൽ പോകണ്ടെന്നു കോൺഗ്രസ് തീരുമാനിച്ചത് അധികാരത്തിനുവേണ്ടിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മതവിദ്വേഷം കുത്തിയിളക്കി തമ്മിൽ തല്ലിപ്പിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.