തിരുവനന്തപുരം: അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. ഒരു കുട്ടി അടക്കം രണ്ടു പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം പുത്തൻതോപ്പിൽ വിനോദ സഞ്ചാരിയുമായി എത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്.
പുത്തൻ തോപ്പ് ലതാ കോട്ടേജിൽ പരേതനായ പോളിന്റെ ഭാര്യ 59 വയസുള്ള ലതാ പോൾ ആണ് മരിച്ചത്. അപകടത്തിൽ പരുക്കു പറ്റിയ ലതാ പോളിന്റെ മരുമകൾ മെൽവി ചാക്കോ (30) അവരുടെ മകൻ നാലു വയസ്സുള്ള ലിയോ മാറ്റിയോ അഖിൽ എന്നിവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പുത്തൻതോപ്പിനും വെട്ടു തുറക്കും ഇടയിൽ തീരദേശ പാതയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. വീട്ടിൽ നിന്നും ലതാ പോൾ മരുമകൾ മെൽവി ചാക്കോയേയും മകൻ ലിയോയേയും കയറ്റി സ്കൂട്ടറിൽ ഗേറ്റ് കടന്ന് റോഡിൽ പ്രവേശിക്കുന്നതിനിടെയാണ് പെരുമാതുറ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചു തെറിപ്പിച്ചത്.
യുപി സ്വദേശിയായ വിനോദ സഞ്ചാരിയെ വർക്കലയിൽ നിന്നും തീരദേശ പാത വഴി കോവളത്തേക്കു കൊണ്ടു പോകുമ്പോഴാണ് അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും ലതാ പോൾ മരിച്ചിരുന്നു.
കാറിൽ നിന്നും മദ്യകുപ്പിയും പാൻ മസാലയുടെ കവറുകളും പൊലീസ് കണ്ടെടുത്തു. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു. തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഈ പാതയിൽ അപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
നേരത്തെയും നിരവധി അപകടങ്ങളും അപകട മരണങ്ങൾക്കും സാക്ഷ്യം വഹിച്ച ഇടമാണ് പുത്തൻതോപ്പ് പെരുമാതുറ തീരദേശ പാത. അമിത വേഗതയിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നതിൽ നിരവധി ജീവനുകളാണ് ഇവിടെ പൊലിയുന്നത്.