spot_imgspot_img

കെ എസ് ചിത്രയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഗായകൻ ജി വേണുഗോപാൽ

Date:

spot_img

തിരുവനന്തപുരം: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പ്രാർത്ഥനാനിരതരാവേണ്ടതിനെപറ്റി കെ എസ് ചിത്ര സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരുന്നു. എന്നാൽ ഇതിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് കെ എസ് ചിത്രയ്‌ക്കെതിരെ നടക്കുന്നത്. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ ജി വേണുഗോപാൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്,.

ഇന്നുവരെ യാതൊരു വിധത്തിലുമുള്ള കോൺട്രവേർസികളിലും ഉൾപ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണുണ്ടാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ നാല്പത്തിനാല് വർഷങ്ങളിൽ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ല. . ഈ ഒരു വിഷയത്തിലും ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രമാണെന്നും വേണുഗോപാൽ പറഞ്ഞു.

ചിത്ര ചെയ്ത ജോലിയുടെ ആഴവും വ്യാപ്തിയും നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. അവർ പാടിയ ഓരോ പാട്ടിലും തൊണ്ണൂറ് ശതമാനമോ അതിലധികമോ അവർ സംഭാവന ചെയ്തിട്ടുണ്ട്. ശാരീരികമായി വിഷമതകളനുഭവിക്കുമ്പോഴും ഒരു വേദിയിൽ പോലും ചിത്രയുടെ ശബ്ദമിടറി ഞാൻ കേട്ടിട്ടില്ല. ഈ ഭൂമിയിലേക്ക് പാടുക എന്ന കർമ്മമനുഷ്ഠിക്കാൻ മാത്രം വന്നു ചേർന്ന ഒരു മഹാ പ്രതിഭയാണു് ചിത്ര എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം മാത്രം.
ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ? എന്നും വേണുഗോപാൽ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഇക്കഴിഞ്ഞ അൻപത് വർഷത്തിലേറെയായ് കെ.എസ്.ചിത്രയെ അറിയാം. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രയുടേതായ് ഒരു വീഡിയോ വന്നത് സമൂഹ മാദ്ധ്യമങ്ങളിൽ കാണാനിടയായി. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ പ്രാർത്ഥനാനിരതരാവേണ്ടതിനെക്കുറിച്ചാണ് വീഡിയോ . തുടർന്ന് ആ മഹാഗായികയെ, ആരും സ്നേഹിച്ചു പോകുന്ന വ്യക്തിത്വത്തെ അപമാനിച്ചും, അവരെ ഒറ്റപ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇന്നുവരെ യാതൊരു വിധത്തിലുമുള്ള കോൺട്രവേർസികളിലും ഉൾപ്പെടാത്ത ചിത്രയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വല്ലാത്ത സങ്കടമാണുണ്ടാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ നാല്പത്തിനാല് വർഷങ്ങളിൽ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ല. ഈ ഒരു വിഷയത്തിലും ചിത്രയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു വലിയ അമ്പലവും അതിനോടുള്ള ഭക്തിയും മാത്രം! സംഗീതം, ഭക്തി, സാധന, സ്നേഹം, സമഭാവന, ഇതിനപ്പുറമൊന്നും അവരുടെ ചിന്താമണ്ഡലത്തിലില്ല. ചിത്ര ചെയ്ത ജോലിയുടെ ആഴവും വ്യാപ്തിയും നോക്കിയാൽ ഒരു കാര്യം മനസ്സിലാകും. അവർ പാടിയ ഓരോ പാട്ടിലും തൊണ്ണൂറ് ശതമാനമോ അതിലധികമോ അവർ സംഭാവന ചെയ്തിട്ടുണ്ട്. ശാരീരികമായി വിഷമതകളനുഭവിക്കുമ്പോഴും ഒരു വേദിയിൽ പോലും ചിത്രയുടെ ശബ്ദമിടറി ഞാൻ കേട്ടിട്ടില്ല. ഈ ഭൂമിയിലേക്ക് പാടുക എന്ന കർമ്മമനുഷ്ഠിക്കാൻ മാത്രം വന്നു ചേർന്ന ഒരു മഹാ പ്രതിഭയാണു് ചിത്ര എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം മാത്രം.
ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ? വൈകുന്നേരം നാല് നാമം ജപിക്കെടാ, ഞായറാഴ്ച തോറും പള്ളിയിൽ പോ, അഞ്ച് നേരം നിസ്ക്കരിക്കണം എന്നൊക്കെ ഉപദേശിക്കുന്ന അമ്മമാരും മുതിർന്ന ചേച്ചിമാരുമില്ലാത്ത ഒരു വിപ്ലവകാരിയുടെ വീട് പോലുമുണ്ടാകില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ ആരും അവരെ ഉപേക്ഷിക്കുകയോ ബന്ധം വേർപെടുത്തുകയോ ചെയ്യാറില്ല. സമൂഹ മാദ്ധ്യമമാകുന്ന ഈ പുതിയ കളിപ്പാട്ടത്തിൽ നമ്മൾ മലയാളികൾ അഭിരമിക്കുന്നു. ധൈര്യപൂർവ്വം നമ്മൾ അതിലൂടെ നേരിൻ്റെ ഒരു അരിക് ചേർന്ന് നടക്കാറുണ്ട് പലപ്പോഴും. ചിലപ്പോൾ കർശനമായ തിട്ടൂരങ്ങളും നമ്മൾ പുറപ്പെടുവിക്കാറുണ്ട്, ചിത്രയുടെ കാര്യത്തിൽ എന്ന പോലെ.
നമ്മൾ മലയാളികൾക്ക് ലോകോത്തരം എന്ന ലേബലിൽ സംഗീത ലോകത്തിൻ്റെ നിറുകയിൽ ചൂടിക്കാൻ ഒരു ചിത്രയും, ഒരു യേശുദാസുമൊക്കെയാണുള്ളത്. ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ സാധിച്ചതിൽ എത്രയോ അധികം ഇവർ ചെയ്തിരിക്കുന്നു. അത് മുഴുവൻ കേട്ടാസ്വദിക്കാനും കൃത്യമായി വിലയിരുത്താനും നമുക്കും പോരാ ഒരു മനുഷ്യായുസ്സ്.
ഈ വ്യക്തികളോട് നിങ്ങൾക്ക് നിസ്സഹകരിക്കാം. വാക്കുകൾ മുഖവിലക്കെടുക്കാതിരിക്കാം. ഇവരാരും രക്തം ചീന്തിയ വഴികളിലൂടെ വന്ന് അധികാരശ്രേണികളിലിരിക്കുന്നവരല്ല. ഇവർ ശ്രുതിയിലും താളത്തിലും ഭാവാത്മകമായി നമ്മുടെ ഗാനലോകത്ത് ചിരപ്രതിഷ്ഠ നേടിയവരാണ്. അവരെ വേദനിപ്പിക്കാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം എന്ന് മാത്രമാണ് എൻ്റെ അഭ്യർത്ഥന

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അനിയന്ത്രിത ജനത്തിരക്ക് : ശാന്തിഗിരി ഫെസ്റ്റ് ഡിസംബർ 1 വരെ നീട്ടി

പോത്തൻകോട് : കാഴ്ചയുടെ ഉത്സവം തീർത്ത ശാന്തിഗിരി ഫെസ്റ്റ് അനിയന്ത്രിതമായ ജനപ്രവാഹം...

ജലജ്‌ സക്‌സേനയെ ആദരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ 6000 റൺസും , 400 വിക്കറ്റുകളും കരസ്ഥമാക്കിയ...

യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ...

വിഴിഞ്ഞത്ത് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട്‌ പേരെ എക്സൈസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വിഴിഞ്ഞത്ത് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട്‌ പേരെ എക്സൈസ് അറസ്റ്റ്...
Telegram
WhatsApp