തിരുവനന്തപുരം: ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് വിപുലമായ സജ്ജീകരണങ്ങളൊരുക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. പൊങ്കാലയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പു നടത്തുന്ന ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലിൽ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡിന് ശേഷം സംസ്ഥാനത്ത് നടന്ന എല്ലാ ഉത്സവങ്ങളിലും ആഘോഷപരിപാടികളിലും ആളുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
ഇത് കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനായി അഞ്ച് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ വിവിധ ചുമതലകൾക്കായി നിയമിക്കും.
ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള 28 പ്ലോട്ടുകളില്‍ 24 എണ്ണത്തിന് കരമടക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള നാലെണ്ണത്തില്‍ മൂന്ന് പ്ലോട്ടുകള്‍ക്ക് കരമടക്കാനുള്ള നടപടിക്രമങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഭൂമിതരം മാറ്റുന്നത് സംബന്ധിച്ച ക്ഷേത്ര ട്രസ്റ്റിന്റെ അപേക്ഷയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം 2008ലെ ചട്ടങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി യോഗത്തില്‍ അധ്യക്ഷനായിരുന്നു. പൊങ്കാലയോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എല്ലാ വകുപ്പുകളുടെയും യോഗം വിളിക്കും. ഭണ്ഡാര അടുപ്പിലേക്ക് തീ പകരുന്ന സമയത്തെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ക്ഷേത്ര ഭാരവാഹികളുടെ സഹകരണത്തോടെ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ജോസ്.ജെ, ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ നോഡല്‍ ഓഫീസറുടെ ചുമതല കൂടിയുള്ള സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ വേണുഗോപാല്‍ എസ്, സെക്രട്ടറി കെ.ശരത് കുമാര്‍, പ്രസിഡന്റ് ശോഭ.വി എന്നിവരും പങ്കെടുത്തു. ഫെബ്രുവരി 17 മുതല്‍ 26 വരെയാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം. ഫെബ്രുവരി 25നാണ് പൊങ്കാല.