തിരുവനന്തപുരം: നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാകുന്നു. 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.
നഗര പ്രദേശങ്ങളിൽ പ്രാഥമിക ആരോഗ്യ പരിചരണം ഉറപ്പാക്കാനാണ് ജനകീയ ആരോഗ്യ കേന്ദ്രം മാതൃകയിൽ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 104 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 2 നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. ഈ കേന്ദ്രങ്ങൾക്ക് കീഴിലാണ് 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ അനുവദിച്ചത്. നിലവിൽ പ്രവർത്തിക്കുന്ന നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കീഴിൽ മൂന്നു വീതവും മറ്റ് പ്രദേശങ്ങളിൽ രണ്ട് എന്ന ക്രമത്തിലും സംസ്ഥാനത്തെ 93 നഗരങ്ങളിലാണ് ഇവ സ്ഥാപിച്ച് വരുന്നത്. ഇതുവരെ 194 കേന്ദ്രങ്ങളാണ് പ്രവർത്തന സജ്ജമായിട്ടുള്ളത്. ബാക്കിയുള്ള കേന്ദ്രങ്ങൾ കൂടി സമയബന്ധിതമായി പ്രവർത്തനസജ്ജമാക്കും. ഈ സർക്കാർ സ്ഥാപിച്ച 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് പുറമേ 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ കൂടി യാഥാർത്ഥ്യമാകുന്നതോടെ പ്രാഥമികാരോഗ്യ പരിചരണ രംഗത്ത് വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ വികസിപ്പിച്ച് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി പരിവർത്തനം ചെയ്യാനായി 48 ലക്ഷം രൂപ വീതമാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ളത്. ഒരു ഡോക്ടർ, 2 സ്റ്റാഫ് നഴ്സ്, ഒരു ഫാർമസിസ്റ്റ്, എന്നിങ്ങനെ നാല് ജീവനക്കാർ ഇവിടെയുണ്ടായിരിക്കും. പൊതു അവധി ദിവസങ്ങളൊഴികെ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ ആറു ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 8 മണി വരെ സേവനങ്ങൾ ലഭ്യമാകും.
നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ മുഴുവൻ ജീവനക്കാരും അതാത് പ്രദേശത്തെ ആരോഗ്യ അനുബന്ധ വിഷയങ്ങളിൽ ഇടപെടുകയും പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഒരു ടീം ആയി ഏകോപിപ്പിച്ച് പ്രവർത്തിക്കുകയും ചെയ്യും. ആരോഗ്യ വകുപ്പിൽ നിന്നും ബന്ധപ്പെട്ട നഗരസഭയുടെ അധികാരികളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ അനുസരിച്ചായിരിക്കും ഇവയുടെ പ്രവർത്തനം. പകർച്ചവ്യാധി, പ്രകൃതി ദുരന്തം പോലുള്ള അടിയന്തര ആരോഗ്യ സാഹചര്യങ്ങളിലും ഈ കേന്ദ്രങ്ങളുടെ സേവനം ഉറപ്പാക്കും.